കന്യകാത്വപരിശോധനയ്ക്ക് വിസമ്മതിച്ചു: യുവതിക്ക് ഭ്രഷ്ട് കല്‍പ്പിച്ച് സമുദായം

2016 ല്‍ മഹാരാഷ്ട്രയില്‍ നിലവില്‍ വന്ന സാമൂഹ്യ ബഹിഷ്കരണങ്ങള്‍ക്കെതിരെയുള്ള നിയമം നിലവിലിരിക്കെയാണ് ഉള്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നത്.

Update: 2018-10-17 05:56 GMT
Advertising

കല്ല്യാണത്തിന് ശേഷം വരുന്ന ആദ്യ പൂജയാണിത്. ഐശ്വര്യയും ഭര്‍ത്താവും വളരെയധികം സന്തോഷത്തോടെയാണ് വീട്ടിലേക്ക് വന്നത്. പക്ഷെ ഇത്തവണത്തെ പൂജക്ക് പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങാനും ആളുകള്‍ക്ക് മറുപടി കൊടുക്കാനുമേ നേരമുള്ളൂ.

മഹാരാഷ്ട്രയിലെ പൂനെയില്‍ പിംപ്രി ചിന്‍ച്വാഡിലുള്ള ഭട്ട് നഗറിലാണ് സംഭവം. 23 വയസുകാരിയായ ഐശ്വര്യ ടമൈച്ചിക്കാര്‍ ആണ് പരാതിക്കാരി. ഒക്ടോബര്‍ 15 ന് രാത്രി എട്ടരയോടടുത്താണ് സംഭവം അരങ്ങേറിയത്. ഗ്രാമത്തില്‍ നവരാത്രിയോടനുബന്ധിച്ച് പൂജയും അനുബന്ധ ചടങ്ങുകളും നടക്കുകയായിരുന്നു. ദീപാലകൃതമായ ടെന്‍റുകള്‍ക്കകത്തും പുറത്തുമായി പാട്ട്, നൃത്തം, കുട്ടികള്‍ക്കുള്ള ചെറുതരം കളികളും മത്സരങ്ങളുമൊക്കെയായി ആഘോഷിക്കുകയാണ് ഗ്രാമവാസികള്‍. ടെന്‍റിനകത്ത് ഗര്‍ബ നൃത്തമവതരിപ്പിക്കാന്‍ തുടങ്ങിയ ഐശ്വര്യയോട് അമ്മ ആദ്യം രംഗം വിടാന്‍ ആവശ്യപ്പെട്ടുവെങ്കിലും കുറുമ്പും കുട്ടിക്കളിയും മാറാത്ത ഐശ്വര്യ നൃത്തം തുടര്‍ന്നു.

പൊടുന്നനെ പാട്ട് നിര്‍ത്തപ്പെടുകയും മൈക്കിലൂടെ ഒരു അനൌണ്‍സ്മെന്‍റ് മുഴങ്ങികേള്‍ക്കുകയും ചെയ്തു. ടെന്‍റിനകത്ത് ഗര്‍ബ നൃത്തമല്ല നടക്കുനത്, മറിച്ച് ഡി. ജെ ഡാന്‍സ് ആണെന്ന്. ഇത് കേട്ടപാടെ അതിനകത്തുണ്ടായിരുന്നവര്‍ ഒഴിഞ്ഞ് പോകുകയായിരുന്നു. ഒഴിഞ്ഞു പോകാനുള്ള കാരണമായി ഐശ്വര്യ പറയുന്നതിങ്ങനെ: ഒരു വര്‍ഷത്തോളമായി കഞ്ചാര്‍ഭട്ട് വിഭാഗത്തില്‍ ഈ പുരാതന ആചാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. നാലു മാസം മുമ്പായിരുന്നു എന്‍റെ കല്ല്യാണം. ഞങ്ങളുടെ സമുദായത്തിനകത്ത് ഒരു ദുരാചാരമുണ്ട്. കല്ല്യാണം കഴിഞ്ഞ നവവധുവിന്‍റെ ചാരിത്ര്യം പരിശോധിക്കുന്ന ഒരു രീതി. കല്ല്യാണം കഴിഞ്ഞ പിറ്റേന്ന് രാവിലെ നവവധൂവരന്മാര്‍ കിടന്ന വിരിപ്പില്‍ രക്തശകലങ്ങള്‍ കാണുകയാണെങ്കില്‍ അവള്‍ പരിശുദ്ധയാണ്, അല്ലെങ്കില്‍ അവള്‍ ആ സമൂഹത്തിന്‍റെ ഭ്രഷ്ടിന് ഇരയാണ്. ഇതിന് വിസമ്മതിച്ചതിനാല്‍ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ് ഇന്ന് ഐശ്വര്യ. വിലക്കുള്ള ഐശ്വര്യ ഗര്‍ബ നൃത്തത്തില്‍ പങ്കെടുത്തതാണ് സമുദായംഗങ്ങളെ ചൊടിപ്പിച്ചത്.

2016 ല്‍ മഹാരാഷ്ട്രയില്‍ നിലവില്‍ വന്ന സാമൂഹ്യ ബഹിഷ്കരണത്തിനെതിരെയുള്ള നിയമം നിലവിലിരിക്കെയാണ് ഉള്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നത്. സംഭവത്തെ കുറിച്ച് പിംപ്രിയിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കല്ല്യാണ്‍ പവാര്‍ പറയുന്നതിങ്ങനെ: ഐശ്വര്യ ഗര്‍ബ ഡാന്‍സ് കളിക്കുന്നത് ഒക്ടോബര്‍ 15 ന് രാത്രി എട്ടേ കാലോടുകൂടിയാണ്. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നത് രാത്രി പതിനൊന്നരക്കും. പക്ഷെ ഐശ്വര്യ ഇത് നിഷേധിക്കുന്നു. താന്‍ പരാതിയുമായി എത്തിയത് രാത്രി ഒമ്പത് മണിക്കാണ്. എഫ്. ഐ. ആര്‍ ടൈപ്പ് ചെയ്യപ്പെടുന്നത് പിറ്റേന്ന് രാവിലെ ആയതിനാലാവാം പോലീസിന് തെറ്റിയതെന്ന് ഐശ്വര്യയും പറയുന്നു. സമുദായാംഗമായ മനോജ് എന്ന വ്യക്തി പറയുന്നത് ഈ പ്രശ്നത്തിനു പിന്നില്‍ വേറെ സാമൂഹ്യ ബഹിഷ്കരണങ്ങളൊന്നും തന്നെയില്ല, ഐശ്വര്യ ഞങ്ങളുടെ മകള്‍ തന്നെയാണെന്നാണ്.

എന്തു തന്നെയാണെങ്കിലും സാമൂഹ്യ ബന്ധങ്ങളില്‍ പുഴുകുത്തുകള്‍ തീര്‍ക്കുന്ന ഇത്തരം ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നാണ് ഗ്രാമത്തില്‍ ഇതിനെതിരെ പോരാടുന്നവരുടെ ആവശ്യം.

Tags:    

Similar News