ബാബരി കേസ് സുപ്രീകോടതി നാളെ വീണ്ടും വാദം കേള്‍ക്കും

2010ലെ അലഹബാദ് ഹെെകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൻ മേലുള്ള വാദമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Update: 2018-10-28 13:23 GMT
Advertising

വർഷങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ ബാബരി-രാമ ജന്മഭൂമി വിവാദത്തിൽ സുപ്രീകോടതി തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും. അയോദ്ധ്യയിലെ ബാബരി മസ്ജിദ് നില നിന്നിടത്തെ 2.77 ഏക്കർ ഭൂമിക്കു മേൽ ഹിന്ദു മുസ്‍‍ലിം കക്ഷികൾ തുടരുന്ന ഉടമസ്ഥാവകാശ തർക്കമാണ് കോടതി നാളെ വീണ്ടും പരിഗണിക്കുക.

ബാബരി മസ്ജിദ് നിലനിന്നിരുന്നിടത്തെ ഭൂമിയെ സംബന്ധിച്ചുള്ള 2010ലെ അലഹബാദ് ഹെെകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൻ മേലുള്ള വാദമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഭൂമി മൂന്നായി വിഭജിച്ച് ഓരോ ഭാഗം വീതം റാം ലല്ല, സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര എന്നിവർക്ക് നൽകാനായിരുന്നു അന്ന് അലഹബാദ് ഹെെകോടതി വിധിച്ചിരുന്നത്.

മുൻ ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നീ മൂന്നംഗ ബെഞ്ചാണ് ഏഴ് വർഷമായുള്ള അപ്പീലിൽ ഒടുവിലായി വാദം കേട്ടത്. കേസ് അഞ്ചംഗ ബെഞ്ച് പരിഗണിക്കണമെന്ന മുസ്‍ലിം കക്ഷികളുടെ അഭ്യർഥന കോടതി നേരത്തെ നിരസിച്ചിരുന്നു. മുസ്‍‍ലിംങ്ങൾക്ക് നമസ്ക്കരിക്കാൻ പള്ളി ആവശ്യമില്ലെന്ന 1994ൽ ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രീകോടതി നടത്തിയ വിവാദ പരാമർശം പുനപരിശോധിക്കണമെന്ന ആവശ്യവും കോടതി അന്ന് തള്ളുകയായിരുന്നു.

ഒക്ടോബർ രണ്ടിന് വിരമിച്ച മുൻ ജസ്റ്റിസ് ദീപക് മിശ്രക്ക് പകരമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് പരിഗണിക്കും. ബെഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് നസീർ, ജസ്റ്റിസ് ഭൂഷൺ എന്നിവർ തന്നെ ഗൊഗോയിക്കൊപ്പം കേസിലെ വാദം കേൾക്കും.

Tags:    

Similar News