റഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

കരാറില്‍ ഇന്ത്യയിലെ പങ്കാളികളെ കുറിച്ചുള്ള വിവരങ്ങളും നല്‍കണം. സി.ബി.ഐ അന്വേഷണത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും കോടതി.

Update: 2018-10-31 07:38 GMT
Advertising

വിമാനങ്ങളുടെ വില ഉള്‍പ്പെടെ റഫേല്‍ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണെമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ അടുത്തമാസം പത്തിനകം സമര്‍പ്പിക്കണം. വില അറിയിക്കാന്‍ തടസമുണ്ടെങ്കില്‍ അത് സംബന്ധിച്ച് പ്രത്യേകം സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സി.ബി.ഐ അന്വേഷണത്തിനായി കാത്തിരിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് കോടതി മറുപടി നല്‍കി.

റഫേലില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ശൂരി എ.എ.പി എം.പി സഞ്ജയ് സിംഗ് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, വിനീത് ടാണ്ട, എം.എല്‍ ശര്‍മ്മ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഓരോ വിമാനത്തിനും ഈടാക്കിയ വിലവിവരം, സാങ്കേതികത അടക്കമുള്ളവ സംബന്ധിച്ച വിവരങ്ങള്‍, വാണിജ്യ പങ്കാളിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ തുടങ്ങിയവ കൂടി കൈമാറണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു.

ഇതിനകം സമര്‍പ്പിച്ച വിവരങ്ങളില്‍ രഹസ്യസ്വഭാവമില്ലാത്തവ ഹര്‍ജിക്കാര്‍ക്ക് കൂടി നല്‍കാനും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഒദ്യോഗിക രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള വിമുഖത അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ അക്കാര്യത്തില്‍ പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി.

കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഇനിയും കാത്തിരിക്കണമെന്നും ആദ്യം സി.ബി.ഐയിലെ കാര്യങ്ങള്‍ കൃത്യമാകട്ടെ എന്നും കോടതി ഹര്‍ജിക്കാരുടെ വാദത്തിന് മറുപടിയായി കോടതി വ്യക്തമാക്കി.

Tags:    

Similar News