തെലങ്കാനയില്‍ കോണ്‍ഗ്രസും സഖ്യ കക്ഷികളും സീറ്റ് ധാരണയിലെത്തി
119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 95 സീറ്റുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക
തെലങ്കാനയില്‍ കോണ്‍ഗ്രസും സഖ്യ കക്ഷികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. 95 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി മധ്യപ്രദേശിലെ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ തള്ളി. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 95 സീറ്റുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക.
ബാക്കിയുള്ള 24 സീറ്റുകള്‍ തെലുഗുദേശം പാര്‍ട്ടി, തെലങ്കാന ജന സമിതി, സി.പി.ഐ എന്നീ കക്ഷികള്‍ വീതം വെക്കും. ടി.ഡി.പിക്ക് 14 സീറ്റുകള്‍ നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. മറ്റ് പാര്‍ട്ടികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നവംബര്‍ എട്ടോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയാവുമെന്നാണ് കരുതുന്നത്. ഭരണകക്ഷിയായ തെലങ്കാനരാഷ്ട്ര സമിതി 107 സീറ്റുകളിലാണ് മത്സരിക്കുക. ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡിസംബര്‍ ഏഴിനാണ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്.
അതേസമയം, മധ്യപ്രദേശിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പ്രചാരണക്കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യയുമായി വാക്‌പോരുണ്ടായെന്ന വാര്‍ത്ത ദ്വിഗ്‌വിജയ് സിങ് നിഷേധിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോവുന്നതെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ദ്വിഗ്‌വിജയ സിങ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത യോഗത്തിലായിരുന്നു ഇരു നേതാക്കളും തമ്മില്‍ ഇടഞ്ഞത്. തര്‍ക്കപരിഹാരത്തിനായി രാഹുല്‍ മൂന്ന് മുതിര്‍ന്ന നേതാക്കളുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്.