അഹമ്മദാബാദിനെ കര്‍ണാവതിയാക്കാന്‍ നീക്കം

നിയമപ്രശ്‌നമില്ലെങ്കില്‍ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയത്.

Update: 2018-11-07 10:59 GMT
Advertising

ഉത്തര്‍പ്രദേശിന് പിന്നാലെ ഗുജറാത്തിലും പേരുമാറ്റ വിവാദം. അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാനാണ് ഗുജറാത്ത് സര്‍ക്കാറിന്‍റെ നീക്കം‍. നിയമപ്രശ്‌നമില്ലെങ്കില്‍ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയത്.

അഹമ്മദാബാദിനെ കര്‍ണാവതിയെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് നിതിന്‍ പട്ടേല്‍ അവകാശപ്പെട്ടു. നിയമപരമായി പ്രശ്നങ്ങളില്ലെങ്കില്‍ സര്‍‍ക്കാര്‍ പേരുമാറ്റും. ലോകപൈതൃക പദവിയുള്ള ഇന്ത്യയിലെ ഏക നഗരമാണ് അഹമ്മദാബാദ്. പേരുമാറ്റം ഉചിതമായ സമയത്ത് നടത്തുമെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.

11ആം നൂറ്റാണ്ടില്‍ നഗരം ആശാവല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആശാവല്‍ രാജാവിനെ പരാജയപ്പെടുത്തി ചൌലൂക്യ രാജാവ് കര്‍ണയാണ് സബര്‍മതി നദിയുടെ തീരത്ത് കര്‍ണാവതി എന്ന പേരില്‍ നഗരം സ്ഥാപിച്ചത്. എ.ഡി 1411ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷാ നഗരത്തിന്‍റെ പേര് അഹമ്മദാബാദ് എന്നാക്കി.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയാണ് പേരുമാറ്റ നീക്കമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോശി വിമര്‍ശിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും പേരുമാറ്റവുമെല്ലാം നടത്തിയാല്‍ ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുക്കളെ പറ്റിക്കുകയാണെന്ന് മനീഷ് ദോശി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് ഫൈസാബാദിന്‍റെ പേര് അയോധ്യയെന്ന് മാറ്റുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് പേരുമാറ്റനീക്കവുമായി ഗുജറാത്ത് സര്‍ക്കാരും രംഗത്തെത്തിയത്.

Tags:    

Similar News