യു.പിയില്‍ 3 വയസുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍
ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ വായില്‍ അമ്പതോളം തുന്നലുകളുണ്ട്. കുട്ടിയുടെ തൊണ്ടയിലും അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
യു.പിയില്‍ ദീപാവലിയുടെ തലേന്ന് യുവാവ് 3 വയസുകാരിയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
മിലാക് ഗ്രാമത്തില്‍ ഇന്നലെയാണ് ക്രൂരമായ സംഭവം. പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവാണ് ഹീനകൃത്യം ചെയ്തതെന്ന് കുട്ടിയുടെ പിതാവ് ശശികുമാര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവസമയം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ വായില്‍ ഹര്‍പാല്‍ പടക്കം വെച്ച ശേഷം തിരിക്ക് തീ കൊളുത്തുകയായിരുന്നു. കുട്ടി പുറത്തേക്ക് തുപ്പുന്നതിന് മുമ്പ് വായിലിരുന്ന് പടക്കം പൊട്ടിത്തെറിക്കുകയും ചെയ്തു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ വായില്‍ അമ്പതോളം തുന്നലുകളുണ്ട്. കുട്ടിയുടെ തൊണ്ടയിലും അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹര്‍പാലിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ശേഷം ഇയാള്‍ ഒളിവിലാണ്.