ഗ്വാളിയോറില്‍ ഇത്തവണ പോരാട്ടം കനക്കും
2013 നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍ നഗരത്തിലെ ആറില്‍ നാലിലും ബി.ജെ.പി ജയിച്ചപ്പോള്‍ ഗ്രാമീണ മേഖലയിലാണ് വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ തുണച്ചത്
മധ്യപ്രദേശിലെ ഗ്വാളിയോര്‍ മേഖലയില്‍ മേധാവിത്വം നിലനിര്‍ത്താനും തിരിച്ചു പിടിക്കാനുമുള്ള പോരാട്ടമാണ് ബി.ജെ.പിക്കും കോണ്‍ഗ്രസിനുമിടയില്‍. 2013 നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍ നഗരത്തിലെ ആറില്‍ നാലിലും ബി.ജെ.പി ജയിച്ചപ്പോള്‍ ഗ്രാമീണ മേഖലയിലാണ് വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ തുണച്ചത്. ഇക്കുറി നഗരമേഖലയിലെ സീറ്റുകളില്‍ രണ്ടിടത്തെങ്കിലും ബി.ജെ.പി പരാജയഭീതിയിലാണ്.
ബി.ജെ.പിയുടെ മുന്‍ ദേശീയ വക്താവും നിലവില്‍ സംസ്ഥാന നഗര വികസന വകുപ്പ് മന്ത്രിയുമായ മായാസിംഗിന് ഗ്വാളിയോര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചത് പരാജയ ഭീതി മുന്നില്‍ കണ്ടാണ്. കഴിഞ്ഞ തവണ വെറും 1147 വോട്ടിന് മായാ സിംഗ് ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് പഴയ സ്ഥാനാര്‍ഥി മുന്നാ ലാല്‍ ഗോയലിനെ വീണ്ടും രംഗത്തിറക്കുമ്പോള്‍ പുതുമുഖ സ്ഥാനാര്‍ഥി സതീഷ് സിക്കര്‍വറാണ് ബി.ജെ.പിയുടെ പകരക്കാരന്‍. പാര്‍ട്ടിയിലെ പടലപ്പിണക്കം മായാ ക്യാമ്പിനെ നിശ്ശബ്ദമാക്കിയ മണ്ഡലത്തില്‍ എടുത്തു പറയാന്‍ ഒന്നുമില്ലാത്ത പ്രചരണമാണ് ബി.ജെ.പിയുടേത്.
മണ്ഡലം തിരിഞ്ഞു നോക്കാത്ത മായാസിംഗിനെതിരെയുള്ള വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ മാത്രമായി വീഴില്ലെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രചാരണ രംഗത്ത് കട്ടൗട്ടുകളും വാഹനങ്ങളുമായി മണ്ഡലം നിറയുന്ന ആം ആദ്മി പാര്‍ട്ടിയുടെ യുവ സ്ഥാനാര്‍ഥി മനീഷാ സിംഗ് തോമര്‍ സംസ്ഥാനത്തെ എല്ലാ പ്രതിസന്ധികള്‍ക്കും ഇരു പാര്‍ട്ടികളെയും ഒരേപോലെയാണ് കുറ്റം പറയുന്നത്.