2000 കോടി ചിലവിട്ട് കര്‍ണ്ണാടക ‘കാവേരി മാതാവിന്റെ’ പ്രതിമ നിര്‍മ്മിക്കുന്നു

പ്രതിമ പ്രധാന ആകര്‍ഷണമാണെങ്കിലും അതിനൊപ്പം ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കു കൂടി നിര്‍മ്മിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് പദ്ധതിയുണ്ട്. ചരിത്ര സ്മാരകങ്ങളായ ഹംപി, ബേലൂര്‍ തുടങ്ങിയവയുടെ മാതൃകകള്‍...

Update: 2018-11-15 10:42 GMT
Advertising

ലോകത്തെ ഏറ്റവും ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തിലെ നര്‍മ്മദയില്‍ ഒക്ടോബര്‍ 31നാണ് അനാവരണം ചെയ്തത്. പട്ടേലിന്റെ പ്രതിമക്ക് പിന്നാലെ നിരവധി പ്രതിമകള്‍ രാജ്യത്തിന്റെ പലഭാഗത്തും ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതില്‍ അവസാനത്തേതാണ് കര്‍ണ്ണാടകയില്‍ 'കാവേരി'യുടെ പ്രതിമ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത.

2000 കോടി രൂപ ചിലവിട്ട് 350 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മ്മിക്കാനാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കം. മഹാരാഷ്ട്ര സര്‍ക്കാര്‍ കുതിരപ്പുറത്തിരിക്കുന്ന ശിവജിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനൊപ്പം നെഹ്‌റു മ്യൂസിയത്തിന് ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരുടേയും പ്രതിമകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലാണ് 350 ഉയരമുള്ള പ്രതിമ നിര്‍മ്മിക്കുന്നത്. പരമാവധി പേര്‍ക്ക് പ്രതിമ കാണുന്നതിനായി 125 അടി ഉയരമുള്ള അടിത്തറയും നിര്‍മ്മിക്കും. കര്‍ണ്ണാടകമന്ത്രി ഡി.കെ ശിവകുമാറാണ് പ്രതിമ നിര്‍മ്മാണത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തുതന്നെ പ്രതിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ അതിനായി പ്രത്യേകം പണം വകയിരുത്തേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

കന്നഡിഗരുടെ കാവേരിയോടുള്ള പ്രത്യേക അടുപ്പം പ്രതിഫലിപ്പിക്കുന്നതിനാണ് പ്രതിമാ നിര്‍മ്മാണമെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വിശദീകരണം. കയ്യില്‍ ഒരു കുടം പിടിച്ചു നില്‍ക്കുന്ന സ്ത്രീയുടെ പ്രതിമയാണ് നിര്‍മ്മിക്കുക. ഈ കുടത്തില്‍ നിന്നും മുഴുവന്‍ സമയവും ജലപാതവുമുണ്ടാകും.

കര്‍ണ്ണാടക ജലവിഭവ മന്ത്രി ഡികെ ശിവകുമാറും ടൂറിസം മന്ത്രി മഹേഷും പ്രതിമാ നിര്‍മ്മാണത്തിന് അനുമതി നല്‍കി കഴിഞ്ഞു. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തെ തന്നെ കൃഷ്ണരാജസാഗര്‍ റിസര്‍വോയറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി അനുവദിച്ചിരുന്നു. അമേരിക്കയിലെ ഡിസ്‌നി ലാന്റ് മാതൃകയില്‍ നിര്‍മ്മാണം നടത്താനായിരുന്നു പദ്ധതി.

അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും കാവേരി പ്രതിമ നിര്‍മ്മിക്കുകയെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. BOOT (ബില്‍ഡ് ഓണ്‍ ഓപറേറ്റ് ട്രാന്‍സ്ഫര്‍) മാതൃകയിലായിരിക്കും നിര്‍മ്മാണം. മാസങ്ങള്‍ക്കകം തന്നെ കരാറുകള്‍ ക്ഷണിക്കും.

പ്രതിമ പ്രധാന ആകര്‍ഷണമാണെങ്കിലും അതിനൊപ്പം ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കു കൂടി നിര്‍മ്മിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് പദ്ധതിയുണ്ട്. ചരിത്ര സ്മാരകങ്ങളായ ഹംപി, ബേലൂര്‍ തുടങ്ങിയവയുടെ മാതൃകകള്‍ ഇവിടെയുണ്ടാകും. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഭാഗമായി ഭക്ഷണശാലകളും മെഴുകു പ്രതിമകളുടെ മ്യൂസിയവും സജ്ജീകരിക്കും. നിലവിലെ വൃന്ദാവന്‍ പൂന്തോട്ടത്തിന് കോട്ടം വരുത്താത്ത രീതിയിലായിരിക്കും നിര്‍മ്മാണം.

Tags:    

Similar News