നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി, ആധാര്‍ സൂത്രധാരന്‍ പടിയിറങ്ങുന്നു

ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹസ്മുഖ് അധിയ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് ധനമന്ത്രാലയത്തില്‍ ചേക്കേറിയത്. 

Update: 2018-11-18 04:08 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ച ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ വിരമിക്കുന്നു. ഈ മാസം 30ന് സര്‍വിസ് കാലാവധി പൂര്‍ത്തിയാക്കുന്ന അധിയക്ക് സേവനകാലം നീട്ടി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിരമിച്ച ശേഷം സര്‍വിസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയാണെന്ന വിശദീകരണം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, അധിയ ധനമന്ത്രാലയത്തിന്റെ പടിയിറങ്ങുന്നത് ഉരസലുകള്‍ക്ക് ശേഷമാണ്. ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹസ്മുഖ് അധിയ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് ധനമന്ത്രാലയത്തില്‍ ചേക്കേറിയത്. അതുവരെ ഗുജറാത്തില്‍ മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷനല്‍ സെക്രട്ടറിയുമായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ ധനമന്ത്രാലയത്തില്‍ പ്രധാനമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അധിയ മാറി. തുടക്കത്തില്‍ റവന്യൂ സെക്രട്ടറിയും പിന്നീട് ധനകാര്യ സെക്രട്ടറിയുമായി.

നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി ധിറുതിപിടിച്ചു നടപ്പാക്കല്‍, ആദായനികുതി വല വിപുലപ്പെടുത്തല്‍, ആധാര്‍ പദ്ധതി കര്‍ക്കശമായി നടപ്പാക്കല്‍ തുടങ്ങിയ വിവാദ തീരുമാനങ്ങള്‍ക്കു പിന്നില്‍ മോദിയുടെ താല്‍പര്യവും അധിയയുടെ ബുദ്ധിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു. പൊതുമേഖല ബാങ്കുകളിലെ വായ്പ ക്രമക്കേട്, നീരവ് മോദിയുടെ രക്ഷപ്പെടല്‍, ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച എന്നിങ്ങനെയുള്ള വിവാദങ്ങളും അതിനു പിന്നാലെ വന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ രാജേശ്വര്‍ സിങ് നേരത്തേ അധിയക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

അധിയയുടെ അപ്രമാദിത്വം ധനമന്ത്രാലയത്തില്‍ ഉരസലുകള്‍ സൃഷ്ടിച്ചു. കാബിനറ്റ് സെക്രട്ടറിയാകണമെന്ന മോഹം ഇതിനിടയില്‍ പൊലിഞ്ഞു. നിര്‍ണായക സമയത്ത് കൂടുതല്‍ ദിവസം അവധിയെടുത്താണ് അധിയ അതിനോടു പ്രതികരിച്ചത്. നവംബര്‍ 30നു ശേഷം സര്‍വിസില്‍ ഉണ്ടാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബജറ്റ് തയാറാക്കുന്ന പണികള്‍ക്കിടയില്‍ ധനകാര്യ സെക്രട്ടറി വിരമിക്കുന്ന സ്ഥിതി വന്നാല്‍, കാലാവധി നീട്ടിക്കൊടുക്കുന്നതാണ് പതിവ്. എന്നാല്‍, അടുത്ത ബജറ്റിന്റെ പണികള്‍ക്ക് പുതിയ ടീമിനെത്തന്നെ ധനമന്ത്രി കണ്ടെത്തണം. സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നീ സുപ്രധാന തസ്തികകളിലാണ് ഇപ്പോള്‍ ആളില്ലാതെ വരുന്നത്.

സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ആഗസ്റ്റില്‍ രാജിവെച്ച് അമേരിക്കയിലേക്ക് പോയത് സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ്. ഇനിയും പകരം നിയമനം നടന്നിട്ടില്ല. എക്‌സ്‌പെന്റീച്ചര്‍ സെക്രട്ടറി അജയ്‌നാരായണ്‍ ഝാ ധനകാര്യ സെക്രട്ടറിയും 1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.എ.എസുകാരന്‍ ഗിരീഷ് ചന്ദ്ര മുര്‍മു റവന്യൂ സെക്രട്ടറിയുമായി വരുമെന്നാണ് സൂചന.

Tags:    

Similar News