പ്രതിസന്ധി നീങ്ങുന്നു; ജമ്മു കശ്മീരില്‍ അല്‍താഫ് ബുഖാരി മുഖ്യമന്ത്രിയാകും, ബി.ജെ.പി ദുര്‍ബലമാകുന്നു

ശത്രുക്കളായിരുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒപ്പം കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ രൂപീകരണ ചര്‍ച്ചകള്‍ ജമ്മുകശ്മീരില്‍ പൂര്‍ത്തിയായി.

Update: 2018-11-21 14:07 GMT
Advertising

ജമ്മു കശ്മീരില്‍ മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമാകുന്നു. പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. പി.ഡി.പി നേതാവ് അല്‍താഫ് ബുഖാരി മുഖ്യമന്ത്രിയാകും. രാഷ്ട്രപതിഭരണ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് ജമ്മു കശ്മീരില്‍ സുപ്രധാന നീക്കം.

ശത്രുക്കളായിരുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒപ്പം കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ രൂപീകരണ ചര്‍ച്ചകള്‍ ജമ്മുകശ്മീരില്‍ പൂര്‍ത്തിയായി. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. പി.ഡി.പി നേതാവ് അല്‍താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. പി.ഡി.പി എം.എല്‍.എമാരെ പിടിക്കാനുള്ള ബി.ജെ.പിയുടെയും 25 എം.എല്‍.എമാരുള്ള ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 2 എം.എല്‍.എമാരുള്ള സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നീക്കങ്ങളാണ് ഇതോടെ പൊളിയുന്നത്. ബി.ജെ.പിക്കും സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിക്കുമെതിരായി ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു.

നിലവിലെ സഖ്യ ശ്രമങ്ങള്‍ വിജയം കാണില്ലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. 80 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസ് 12 ഉം എം.എല്‍.എമാരാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പി.ഡി.പി സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ കഴിഞ്ഞ ജൂണില്‍ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജിവക്കുകയായിരുന്നു. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു.

Tags:    

Similar News