കശ്മീരില്‍ പെല്ലറ്റ് കൊണ്ട ഒന്നരവയസുകാരിയുടെ കാഴ്ച്ച നഷ്ടമായേക്കും
ഹിബയുടെ മുഖം മര്‍സല ജാന്‍ കൈകൊണ്ട് മറച്ചിരുന്നതുകൊണ്ടാണ് കൂടുതല്‍ അപകടം ഒഴിവായത്. മകനെ അവര്‍ തനിക്ക് പിറകിലേക്ക് മാറ്റി നിര്‍ത്തുകയും ചെയ്തു
കശ്മീരിലെ ഷോപിയാനില്‍ കണ്ണില്‍ പെല്ലറ്റ് കൊണ്ട ഒന്നരവയസുകാരിയുടെ കാഴ്ച്ച നഷ്ടമായേക്കുമെന്ന് ആശങ്ക. ശ്രീനഗറിലെ ശ്രി മഹാരാജ ഹരി സിംങ് ആശുപത്രിയില്‍ കഴിയുന്ന ഹിബ നിസാറിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സൈന്യവും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വീടിനുള്ളില്‍വെച്ച് ഹിബയ്ക്ക് പരിക്കേല്‍ക്കുന്നത്.
ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഷോപിയാനില്‍ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു പ്രദേശവാസി മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയകണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തിനിടെയാണ് ഷിബ നിസാറിന്റെ വലതുകണ്ണിന് ഗുരുതര പരിക്കേറ്റത്.
രണ്ട് മക്കള്‍ക്കൊപ്പം വീടിനകത്തിരിക്കുമ്പോഴാണ് പുറത്ത് സംഘര്‍ഷം ശക്തമായതെന്ന് ഹിബയുടെ മാതാവ് മര്‍സല ജാന്‍ പറയുന്നു. 'വീടിന് പുറത്ത് തുടര്‍ച്ചയായി കണ്ണീര്‍വാതക ഷെല്ലുകള്‍ വീഴുന്നുണ്ടായിരുന്നു. വീടിനകത്തേക്ക് കൂടി പുക വ്യാപിച്ചതോടെ അസ്വസ്ഥത കൂടി. അഞ്ചുവയസുകാരന്‍ മകന്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് പറഞ്ഞപ്പോഴാണ് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറന്നപ്പോഴേക്കും പുറത്തുണ്ടായിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടിനകത്തേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു' മര്‍സല ജാന്‍ ഓര്‍ത്തെടുക്കുന്നു.
ഹിബയുടെ മുഖം മര്‍സല ജാന്‍ കൈകൊണ്ട് മറച്ചിരുന്നതുകൊണ്ടാണ് കൂടുതല്‍ അപകടം ഒഴിവായത്. മകനെ അവര്‍ തനിക്ക് പിറകിലേക്ക് മാറ്റി നിര്‍ത്തുകയും ചെയ്തു. ഷോപിയാനിലെ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ ഹിബയെ എത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ട് ശ്രീനഗറിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില ആശങ്കാജനകമാണെന്നും പെല്ലറ്റ് ഏറ്റ് കണ്ണിന്റെ കോര്‍ണ്ണിയയില്‍ തുളയുണ്ടായെന്നും എസ്.എം.എച്ച്.എസ് ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.