വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

നാളെ തുടങ്ങുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.

Update: 2019-02-19 09:15 GMT
Advertising

ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ എയറോ ജെറ്റ് വിമാനങ്ങള്‍ പരിശീലനത്തിടെ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. നാളെ തുടങ്ങുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.

രാവിലെ 11.30 ഓടെയാണ് നോര്‍ത്ത് ബംഗളൂരുവിലെ യേലേങ്ക എയര്‍ബേസില്‍ നടന്ന പരീശിലനത്തിനിടെയാണ് അപകടമുണ്ടായത്. നാളെ തുടങ്ങുന്ന എയറോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു വിമാനങ്ങള്‍. നിറ്റെ മീനാക്ഷി എന്‍ജിനീയറിങ് കോളജിനു സമീപത്തായിരുന്നു അപകടം നടന്നത്. രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു, രണ്ട് പേര്‍ രക്ഷപ്പെട്ടു.

യെഹലങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐ.എസ്.ആര്‍.ഒ ലേ ഔട്ടിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണത്. അവശിഷ്ടങ്ങള്‍ പതിച്ച് ഒരു പ്രദേശവാസിക്കും പരിക്കേറ്റു. അപകടത്തെക്കുറിച്ച് അറിഞ്ഞെന്നും എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നാളെ തുടങ്ങി 24ന് അവസാനിക്കുന്ന തരത്തിലാണ് പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്.

Full View

1996 ലാണ് വ്യോമസേനയുടെ കീഴില്‍ സൂര്യ കിരണ്‍ എയറോബാറ്റിക്‌സ് ടീം രൂപീകരിച്ച് ബംഗളൂരുവില്‍ എയറോ ഷോ നടത്തി വരുന്നത്. 2017 ഫെബ്രുവരിയിലെ എയറോ ഷോക്ക് ശേഷം ഈ വര്‍ഷമാണ് വ്യോമസേന വീണ്ടും സൂര്യ കിരണ്‍ എയറോബാറ്റിക് ടീമിന്റെ ഷോയുമായി എത്തിയത്. അമേരിക്കയുടെ സൂപ്പര്‍ ഹോര്‍നെറ്റ് എഫ്.എ 18 വിമാനവും ഇത്തവണ ഷോയുടെ ഭാഗമാകുന്നുണ്ട്.

Tags:    

Similar News