രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിലുറച്ച് അശോക് ഗെഹ്‍ലോട്ട്
ഗവർണർ തയ്യാറായില്ലെങ്കിൽ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയും കാണുമെന്നും വസതികൾക്കുമുന്നിൽ പ്രതിഷേധിക്കുമെന്നും നിയമസഭാകക്ഷി യോഗത്തിൽ ഗെഹ്‍ലോട്ട് ശക്തമാക്കി
രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഗവർണർ തയ്യാറായില്ലെങ്കിൽ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയും കാണുമെന്നും വസതികൾക്കുമുന്നിൽ പ്രതിഷേധിക്കുമെന്നും നിയമസഭാകക്ഷി യോഗത്തിൽ ഗെഹ്‍ലോട്ട് ശക്തമാക്കി. ബി.ജെ.പി നേതൃത്വവും ഗവർണറെ കാണാൻ ഒരുങ്ങുന്നുണ്ട്.
കോടതി നടപടികൾ നീണ്ട് പോകുന്നതിനാൽ സർക്കാരിനെ സുരക്ഷിതമാക്കാൻ എത്രയും പെട്ടെന്ന് നിയമസഭാ സമ്മേളനം ചേർന്ന് വിശ്വാസവോട്ട് തേടാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ നീക്കം. 102 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് കൈമാറിയിരുന്നു.
എന്നാൽ കോവിഡ് ബാധ രൂക്ഷമായതിനാൽ സഭ സമ്മേളനം വിളിക്കാൻ ആകില്ല എന്നാണ് ഗവർണർ കൽരാജ് മിശ്രയുടെ പ്രതികരണം. പെട്ടെന്ന് സഭാസമ്മേളനം വിളിക്കേണ്ട സാഹചര്യം, അജണ്ട എന്നിവ വ്യക്തമല്ലെന്നും 21 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും ഗവർണർ മറുപടി നൽകി.
ഗവർണർ ബി.ജെ.പി സമ്മർദ്ദത്തിന് പുറത്ത് വരണമെന്നും സഭ സമ്മേളനം വിളിച്ചില്ലെങ്കിൽ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും കാണുമെന്നും ഗെഹ്‌ലോട്ട് നിയമസഭ കക്ഷി യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
കൂടുതൽ സമയം ലഭിച്ചതിനാൽ ഗെഹ്‍ലോട്ട് കാമ്പിൽ നിന്നും എം.എൽ.എമാരെ പുറത്തെത്തിക്കാനാണ് സച്ചിൻ പൈലറ്റ് ക്യാമ്പിന്‍റെ ശ്രമം. തിങ്കളാഴ്ചയാണ് സ്പീക്കർ നൽകിയ ഹരജി സുപ്രീം കോടതി പരിഗണിക്കുക.