എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്? സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ശശി തരൂർ
കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തത്
പുൽവാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിക്ക് മറുപടിയുമായി ശശിതരൂർ. കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തത്.
പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ് ഞങ്ങൾ മാപ്പ് പറയേണ്ടതെന്ന് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, കേന്ദ്ര സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ? അതോ ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കാതിരുന്നതിനോ? രക്തസാക്ഷികളുടെ കുടുംബത്തിന് അശ്വാസമേകാൻ ശ്രമിച്ചതിനോ? ഇതിൽ ഏതിനാണ് കോൺഗ്രസ്സ് മാപ്പ് പറയേണ്ടത്? ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
പുല്‍വാമയിൽ നടന്ന ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു, ഇതിനെ തുടർന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ്സ് നേതാക്കൾ രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് ചുവടുപിടിച്ചാണ് കോൺഗ്രസ്സ് എം.പി ശശി തരൂരിന്റെ പ്രതികരണം.
ചാവേർ സംഘത്തിന്റെ കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതിനെ തുടർന്ന് 40 സൈനികർ പുൽവാമയിൽ കൊല്ലപ്പെട്ടിരുന്നു.