ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി
'ലൗ ജിഹാദി'നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഖട്ടറുടെ പരാമര്‍ശം
ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. 'ലൗ ജിഹാദി'നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഖട്ടറുടെ പരാമര്‍ശം.
ഹരിയാനയും 'ലൗ ജിഹാദി'നെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ഫരീദാബാദില്‍ കോളജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം 'ലൗ ജിഹാദു'മായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിയെയം ശിക്ഷിക്കില്ല, ഖട്ടര്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം 'ലൗ ജിഹാദി'നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുംപ്രസ്താവന നടത്തിയിരുന്നു. വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു യോഗിയുടെ പ്രസ്താവന.