വാക്സിന്‍ ലഭ്യമായാലും ജനങ്ങള്‍ മാസ്ക് ധരിക്കേണ്ടി വരുമെന്ന് ഐ.സി.എം.ആര്‍ മേധാവി

അടുത്ത വർഷം ജൂലൈയിൽ 30 കോടി ആളുകൾക്ക് വാക്സിൻ നൽകാനാണ് ഞങ്ങളുടെ ലക്ഷ്യം

Update: 2020-11-29 05:33 GMT
Advertising

കോവിഡ് വാക്സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലക്നൌവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷം ജൂലൈയിൽ 30 കോടി ആളുകൾക്ക് വാക്സിൻ നൽകാനാണ് ഞങ്ങളുടെ ലക്ഷ്യം. തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കും. ഇന്ത്യ വികസിപ്പിക്കുന്ന വാക്സിന്‍ രാജ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, 60 ശതമാനം വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. 24 നിര്‍മ്മാണ യൂണിറ്റുകളും 19 സ്ഥാപനങ്ങളും കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ പങ്കാളികളാകുമെന്നും ഭാര്‍ഗവ പറഞ്ഞു.

വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ മാസ്കിനെ അത്ര പെട്ടെന്നൊന്നും ഒഴിവാക്കാനാവില്ലെന്നും ഐ.സി.എം.ആര്‍ മേധാവി വ്യക്തമാക്കി. മാസ്ക് എന്നാല്‍ ഒരു ഫാബ്രിക് വാക്സിന്‍ പോലെയാണ്. കോവിഡ് പ്രതിരോധത്തില്‍ മാസ്കിന്‍റെ പങ്ക് തള്ളിക്കളായാനാവില്ല. ഇന്ത്യയില്‍ അഞ്ച് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ രണ്ടെണ്ണം ഇന്ത്യയുടേതും മൂന്നെണ്ണം വിദേശത്ത് നിന്നുള്ളതുമാണ്. എന്നാല്‍ വാക്സിന്‍ കൊണ്ടു മാത്രം കോവിഡിനെ ഇല്ലാതാക്കാനാവില്ല. ഇപ്പോള്‍ പാലിച്ചുകൊണ്ടിരിക്കുന്ന ശീലങ്ങളും നിയന്ത്രണങ്ങളും വീണ്ടും തുടര്‍ന്നുകൊണ്ടുപോകണം. അണുബാധയെ അകറ്റി നിര്‍ത്താന്‍ മാസ്കുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News