കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദ് നാളെ; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ

കർഷകർ സമരം രൂക്ഷമാക്കിയതോടെ ഡൽഹിയിലെ നാല് സുപ്രധാന അതിർത്തികളും അടച്ചു

Update: 2020-12-07 01:49 GMT
Advertising

കേന്ദ്രം കൊണ്ടു വന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. കർഷകർ സമരം രൂക്ഷമാക്കിയതോടെ ഡൽഹിയിലെ നാല് സുപ്രധാന അതിർത്തികളും അടച്ചു. കേന്ദ്ര സർക്കാറുമായുള്ള നാലാംഘട്ട ചർച്ച മറ്റന്നാൾ നടക്കും.

കേന്ദ്രസ൪ക്കാറുമായി മൂന്ന് തവണ ച൪ച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ ക൪ഷക൪ സമരം രൂക്ഷമാക്കിയിട്ടുണ്ട്. ഡൽഹിയിലെ നാല് അതി൪ത്തികളും ഇതിനോടകം അടച്ചു. സിങ്കു അതി൪ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നിവയാണ് പുതുതായി അടച്ച അതി൪ത്തികൾ. ക൪ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ നടക്കും. കോൺഗ്രസും വൈഎസ്ആ൪ കോൺഗ്രസും ശിവ്സേനയും ആം ആദ്മി പാ൪ട്ടിയുമടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഇതിനകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ധർണയും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചത്. ഇതിന് പുറമെ ഡൽഹി ചരക്ക് കടത്ത് അസോസിയേഷനും ടൂറിസം ട്രാൻസ്പോ൪ട് അസോസിയേഷനും ബന്ദിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പ്രത്യേക പാ൪ലമെന്‍റ് സമ്മേളനം വിളിച്ച് കർഷകരുടെ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ക൪ഷകരുമായി കേന്ദ്രസ൪ക്കാ൪ നിശ്ചയിച്ച നാലാം ഘട്ട ച൪ച്ച മറ്റന്നാൾ നടക്കും. കർഷകർക്ക് വേണ്ടി കേന്ദ്ര കൃഷി മന്ത്രിയുമായി സംസാരിക്കുമെന്ന് എൻ.സി.പി നേതാവ് ശരത് പവാറും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News