രക്തദാനത്തിന് തയ്യാറാണോ? 1 കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൌജന്യം
ഡിസംബര്‍ 13ന് മുബൈയിലെ പ്രഭാദേവിയിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്
''നിങ്ങള്‍ രക്തം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൌജന്യമായി നല്‍കും'' മുംബൈയിലെ ചുവരുകളില്‍ കുറച്ചു ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്. കേട്ടിട്ട് ഇതൊരു തമാശയാണെന്ന് വിചാരിക്കണ്ട. രക്തദാന ക്യാമ്പിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററാണിത്.
ഡിസംബര്‍ 13ന് മുബൈയിലെ പ്രഭാദേവിയിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്തെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) കോർപറേറ്ററും ശിവസേന നേതാവുമായ സാദാ സർവൻകാർ ആണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലോവർ പരേലിലെ കെഇഎം ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ്. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 11-ന് മുൻപായി സാമാന പ്രെസ്സിനടുത്തുള്ള 194-ാം ശിവസേന ശാഖയിൽ പേര് രജിസ്റ്റർ ചെയ്യണം. 18 വയസ് മുതൽ 50 വയസ്സ് വരെയുള്ളവർക്കാണ് രക്തദാനം ചെയ്യാനുള്ള അവസരം. രക്തം ദാനം ചെയ്യുന്നവർക്ക് ഒരു കിലോ ചിക്കൻ അല്ലെങ്കിൽ പനീറുമായി വീട്ടിലേക്ക് മടങ്ങാം. "ചിക്കന്‍, പാൽ ഉൽപന്നങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രോട്ടീന്‍റെയും വിറ്റാമിനുകളുടെയും നല്ല ഉറവിടമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ വായിച്ചപ്പോഴാണ് ചിക്കൻ, പനീർ എന്നിവ വിതരണം ചെയ്യാനുള്ള ആശയമുണ്ടായത്. ഇതൊരു മഹാമാരിയുടെ കാലഘട്ടം ആയതുകൊണ്ട് രക്തദാതാക്കൾക്ക് ചിക്കൻ അല്ലെങ്കിൽ പനീർ ഉപഹാരമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് സര്‍വന്‍കാര്‍ പറഞ്ഞു.
ഇതിനോടകം 300ൽ അധികം പേര്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബ്ലഡ് ബാങ്കുകളിൽ രക്ത വിതരണം കുറയുന്നതിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വമേധയാ രക്തം ദാനം ചെയ്യണമെന്ന് ഈ മാസം ആദ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചിരുന്നു. കോവിഡിന് മുമ്പ് വലിയ അളവിൽ രക്തം ശേഖരിക്കാറുണ്ടായിരുന്ന നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോമിലേക്ക് മാറിയപ്പോൾ രക്ത ശേഖരണം തടസ്സപ്പെട്ടു. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് താക്കറെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.