അര്‍ണബിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് കോടതി

മുംബൈ പൊലീസിനാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

Update: 2021-03-24 14:41 GMT
Advertising

ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. മുംബൈ പൊലീസിനാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

മൂന്ന് മാസമായി പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്. അര്‍ണബ് ഗോസ്വാമിയെ ടിആര്‍പി കേസിലെ പ്രതിയായി ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. കുറ്റപത്രത്തില്‍ അര്‍ണബ് ഗോസ്വാമിയെ സംശയിക്കുന്നവരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് എന്ന വാള്‍ അദ്ദേഹത്തിന് മുകളില്‍ തൂങ്ങിക്കിടപ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കുറ്റപത്രത്തില്‍ സംശയിക്കുന്നവരെന്ന് രേഖപ്പെടുത്താന്‍ നിയമപരമായി അനുവാദമില്ലെന്നാണ് അര്‍ണബിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. റിപബ്ലിക് ടിവി ചാനലിനും അര്‍ണബ് ഗോസ്വാമിക്കും എആര്‍ജി ഔട്ട്ലിയര്‍ മീഡിയയിലെ ജീവനക്കാര്‍ക്കുമെതിരെ പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല. പേരെടുത്ത് പറയാതെ റിപബ്ലിക് ടിവിയിലെയും എആര്‍ജി മീഡിയയിലെയും എല്ലാവരെയും സംശയിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുത്തിയതിലൂടെ പരാതിക്കാരെ പൊലീസ് ബുദ്ധിമുട്ടിക്കാനിടയുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

അര്‍ണബിനെതിരെ കൃത്യമായ തെളിവുകള്‍ നിലവില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി വിലയിരുത്തി. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന അര്‍ണബിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News