വയറുവേദന: ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ കേന്ദ്രമന്ത്രിയും എൻ സി പി പാർട്ടി തലവനുമായ ശരത് പവാറിനെ ശക്തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി പാർട്ടി തലവനുമായ ശരത് പവാറിനെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പിത്താശയ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് അദ്ദേഹത്തെ സർജറിക്ക് വിധേയനാക്കും.കാൻസറിനെ മറികടന്ന് എത്തിയ അദ്ദേഹം 2004ലും ഇതേ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എൻ.സി.പി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശരത് പവാറും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ചാ വിഷയമായിരുന്നു. മഹാരാഷ്ട്ര ഭരിക്കുന്ന 'മഹാവികാസ് അഘാഡി'യിൽ ശിവസേന കഴിഞ്ഞാൽ വലിയ കക്ഷിയായ എൻ.സി.പിയുടെ തലവൻ ബി.ജെ.പിയുടെ ചാണക്യനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നത്.
കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് 'എല്ലാം പരസ്യമായി പറയാൻ കഴിയില്ല' എന്ന് അമിത് ഷാ പറഞ്ഞതും എൻ.സി.പിക്കാരനായ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങളുയർന്നതും ഒരു രാഷ്ട്രീയ'ട്വിസ്റ്റി'നുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയിരുന്നു.