മുസഫർ നഗർ കലാപ കേസിലെ പ്രതികളെ വെറുതെ വിട്ടു
പ്രധാന പ്രതികളെ കുറ്റവിമുക്തരാക്കിയതോടെ കേസിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടെന്ന വാദം പൂർണമായി ഇല്ലാതാകുകയാണ്.
മുസഫർ നഗർ കലാപ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കേസുകൾ പിൻവലിക്കണമെന്ന ഉത്തർ പ്രദേശ് സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി.
2013ൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 62 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പ്രതി ചേർക്കപ്പെട്ടവരെയാണ് വെറുതെ വിട്ടത്. അമ്പതിനായിരത്തിൽ അധികം വരുന്ന മുസ്‍ലിങ്ങൾ പലയിടങ്ങളിലേക്കായി പലായനം ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. എന്നാൽ കേസിന്റെ വിചാരണ പൂർത്തിയാക്കാനോ പ്രതികളെ ശിക്ഷിക്കാനോ ഇതു വരെയും കഴിഞ്ഞില്ല. ഇതിനിടയിലാണ് ബി.ജെ.പി എം.എൽ.എ സംഗീത് സോം, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി അടക്കമുള്ള 12 പ്രതികളെ വെറുതെ വിടണമെന്ന് ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടത്.
തെളിവുകളുടെ അഭാവം മൂലം പ്രതികളെ വെറുതെ വിടണമെന്നായിരുന്നു ആവശ്യം. കൊള്ള, തീ വെപ്പ് അടക്കമുള്ള വകുപ്പുകളായിരുന്നു സംഗീത് സോം അടക്കമുള്ളവർക്കെതിരെ ചുമത്തിയിരുന്നത്.
2013ലെ കലാപത്തിൽ 510 ക്രിമിനൽ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 175 കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രധാന പ്രതികളെ കുറ്റവിമുക്തരാക്കിയതോടെ കേസിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടെന്ന വാദം പൂർണമായി ഇല്ലാതാകുകയാണ്. വിധിക്കെതിരെ മേൽകോടതിയെ സമീപികുമെന്ന നിലപാടിലാണ് എസ്.ഡി.പി.ഐ വ്യക്തമാക്കി.