സൗജന്യങ്ങള്‍ ഒഴിവാക്കൂ, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കൂ: മദ്രാസ് ഹൈക്കോടതി

ജനകീയ വാഗ്ദാനങ്ങൾ നൽകിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Update: 2021-04-01 06:40 GMT
Advertising

തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സൗജന്യങ്ങളുടെ വന്‍ വാഗ്ദാനങ്ങള്‍ക്ക് പകരം അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മദ്രാസ് ഹൈക്കോടതി. സംവരണ മണ്ഡലമായ വസുദേവനെല്ലൂരിനെ ജനറൽ മണ്ഡലമായി മാറ്റണമെന്നാവശ്യപ്പെട്ട് എം. ചന്ദ്രമോഹൻ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ജനകീയ വാഗ്ദാനങ്ങൾ നൽകിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ നല്‍കുമെന്ന് ഒരു പാര്‍ട്ടി വാഗ്ദാനം ചെയ്താല്‍ 1500 നല്‍കുമെന്ന വാഗ്ദാനവുമായി അടുത്തയാള്‍ വരും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. സൗജന്യങ്ങൾ കൊണ്ട് മുന്നോട്ടുപോകാമെന്ന മനോഭാവമാണ് ഇതോടെ ജനങ്ങളിലുണ്ടാകുന്നതെന്നും ജസ്റ്റിസ് എൻ. കിരുഭാകരൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിര്‍ഭാഗ്യവശാല്‍, വികസനം, കാർഷിക മുന്നേറ്റം, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ച് യാതൊരു വാഗ്ദാനങ്ങളുമുണ്ടാകുന്നില്ല. മാന്ത്രിക വാഗ്ദാനങ്ങളിൽപ്പെട്ടാണ് ജനം വോട്ട് ചെയ്യേണ്ടത്. പതിറ്റാണ്ടുകളായി ഓരോ അഞ്ചുവര്‍ഷത്തിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുകയും ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.

സൗജന്യ വാഗ്ദാനങ്ങള്‍ക്ക് ചെലവിടുന്ന തുക കൊണ്ട് തൊഴിലവസരങ്ങളുണ്ടാക്കുകയോ, ഡാമുകൾ, തടാകങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയോ, കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും പ്രോത്സാഹനങ്ങളും നൽകുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് സാമൂഹിക ഉന്നമനവും പുരോഗതിയുമുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News