വോട്ടിങ് മെഷീൻ മോഷ്ടിച്ചിട്ടില്ല; പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നുവെന്ന് ബി.ജെ.പി സ്ഥാനാർഥി
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എം.എൽ.എ കൃഷ്‌ണേന്ദു പാലിന്‍റെ വാഹനത്തിൽ നിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്
വോട്ടിംഗ് മെഷീൻ മോഷ്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് അസമിലെ ബി.ജെ.പി സ്ഥാനാർഥി കൃഷ്‌ണേന്ദു പാൽ. താനും തന്റെ ഡ്രൈവറും പോളിംഗ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനാലാണ് അവരെ സഹായിച്ചതെന്ന് കൃഷ്‌ണേന്ദു പാൽ പറഞ്ഞു.
" എന്റെ ഡ്രൈവർ കാറിലായിരുന്നു. പോളിങ് ഉദ്യോഗസ്ഥർ സഹായം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സഹായിച്ചു. ഞാൻ ബി.ജെ.പി സ്ഥാനാർഥി ആണെന്ന് കാണിക്കുന്ന പാസ് എന്റെ കാറിൽ പതിച്ചിരുന്നു. പോളിംഗ് ഉദ്യോഗസ്ഥർ അതിനെ കുറിച്ച് ബോധവാന്മാരായിരുന്നോ എന്നെനിക്കറിയില്ല. ഞങ്ങൾ അവരെ സഹായിച്ചു."- അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. വോട്ടെടുപ്പ് നടന്ന ബൂത്തിൽ റീപോളിംഗ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിലാണ് റീപോളിങ് നടത്തുക. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എം.എൽ.എ കൃഷ്‌ണേന്ദു പാലിന്‍റെ വാഹനത്തിൽ നിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്. ജനങ്ങൾ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.