ലവ് ജിഹാദ് ഉയര്‍ത്തി യോഗിയുടെ പ്രചാരണം; മറുപടിയുമായി തരൂര്‍
കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ലവ് ജിഹാദ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് യോഗി കുറ്റപ്പെടുത്തിയത്
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി നടത്തിയ ലവ് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. ലവ് ജിഹാദ് ആരോപണം വെറും അസംബന്ധമാണെന്ന് ശശി തരൂർ എ.എൻ.ഐയോട് പറഞ്ഞു.
കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ലവ് ജിഹാദ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ഹരിപ്പാട് നടത്തിയ പ്രസംഗത്തിൽ യോഗി കുറ്റപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം കേരളം മാറി മാറി ഭരിച്ച രണ്ട് മുന്നണികളും വികസനം മുരടിപ്പിച്ചുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.
കടുത്ത വർഗീയതയാണ് യോഗി നടത്തുന്നതെന്നാണ് ശശി തരൂർ ഇതിനോട് പ്രതികരിച്ചത്. എത്ര ലവ് ജിഹാദ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ചോദിച്ച തരൂർ, സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ആരോപണങ്ങൾ കേരളത്തിന് പരിചിതമല്ലെന്നും പറഞ്ഞു.
സർക്കാരുകൾ ജനങ്ങളുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്ന കാലമാണിത്. ജനം എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരെ പ്രണയിക്കണം, എങ്ങനെ എവിടെ പ്രാർഥിക്കണം എന്നീ കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള അധികാരം തങ്ങളുടെ കൈവശമാണെന്ന് രാഷ്ട്രീയക്കാർ ധരിച്ചുവെച്ചിരിക്കുന്ന കാലമാണിത്. ജനങ്ങൾക്ക് അവരുടെ സ്വകാര്യത വകവെച്ച് കൊടുക്കണമെന്നും ശശി തരൂർ പറഞ്ഞു.