ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിന് കുത്തേറ്റു
മംഗലാപുരത്ത് ഇന്നലെ രാവിലെയാണ് സംഭവം
ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിന് കുത്തേറ്റു. മംഗലാപുരത്ത് ഇന്നലെ രാവിലെയാണ് സംഭവം."മംഗളുരു നഗരത്തിൽ ഇന്നലെ രാവിലെ ഒമ്പതരയോടെ സഹപാഠികളായ വിവിധ മത വിഭാഗങ്ങളിൽ പെട്ട യുവാവും യുവതിയും സഞ്ചരിച്ച ബസ് തടഞ്ഞ് നിർത്തി ഇരുവരെയും നിർബന്ധിച്ച് ഇറക്കുകയായിരുന്നു. യുവാവിനെ മർദിക്കുകയും ഇതിനിടയിൽ പെട്ട പെൺകുട്ടിക്കും പരിക്കേറ്റു" മംഗലാപുരം പോലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഏഴോ എട്ടോ പേർ കസ്റ്റഡിയിലുണ്ടെന്നും നാലോളം ബജ്രംഗ് ദൾ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. " നാല് പേർ കാറിൽ വന്ന് ബസ് തടയുകയായിരുന്നു. യുവാവിന് മർദമേൽക്കുകയും ഇടുപ്പിൽ കുത്തേൽക്കുകയും ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. നിലവിലെ ആരോഗ്യനില തൃപ്തികരമാണ്." അദ്ദേഹം പറഞ്ഞു.
യുവതി ബെംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നും സ്ഥലം കൂടുതൽ പരിചയമുള്ള യുവാവ് തന്നെ സഹായിക്കാനായി ബസിൽ കൂടെ യാത്ര ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
"ഇരുവരും സഹപാഠികളാണെന്നും യുവാവിനെ തനിക്ക് കുറെ വർഷങ്ങളായി അറിയാമായിരുന്നെന്നും പെൺകുട്ടി പറഞ്ഞു" ശശി കുമാർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു.