ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാര്‍ച്ച് ഏഴിന് മോഹന്‍ ഭാഗവത് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലെ കിംഗ്‌സ് വേ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. മാര്‍ച്ച് ഏഴിന് മോഹന്‍ ഭാഗവത് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
അദ്ദേഹത്തിന് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നാണ് ആര്‍.എസ്.എസ് അറിയിക്കുന്നത്. ആര്‍എസ്എസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോഹന്‍ ഭാഗവതിന് കോവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്.
70 കാരനായ മോഹന്‍ ഭാഗവതിന് രോഗലക്ഷണങ്ങളുണ്ടെന്നും, ഗുരുതരമായ രോഗലക്ഷണങ്ങൾ അദ്ദേഹത്തിനില്ലെന്നും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സാധാരണ പരിശോധനയാണ് നടക്കുന്നതെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു. സംഘടന ട്വീറ്റ് ചെയ്തു.
രാജ്യത്ത് ഒന്നര ലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. 11 സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 80 ശതമാനം കേസുകളും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 58,993 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. കേസുകളും മരണവും ഏറിയതിനാല്‍ മൂന്ന് ആഴ്ചത്തക്ക് ലോക്ഡോൺ ഏർപ്പെടുത്താനാണ് ആലോചന. നിലവില്‍ രാത്രി കർഫ്യുവും ശനി - ഞായർ ദിനങ്ങളില്‍ ലോക്ഡൌണുമാണ് തുടരുന്നത്.