ന്യൂനമര്‍ദം യാസ് ചുഴലിക്കാറ്റായി: 25 ട്രെയിനുകള്‍ റദ്ദാക്കി
മെയ് 24 മുതൽ 29 വരെയാണ് നിയന്ത്രണം
യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 25 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പാട്ന, തിരുവനന്തപുരം-സിൽചാർ എന്നീ ട്രെയിനുകൾ റദ്ദാക്കിയവയില്‍പ്പെടുന്നു. മെയ് 24 മുതൽ 29 വരെയാണ് നിയന്ത്രണം. ഈസ്റ്റേൺ റെയിൽവേയാണ് ട്രെയിനുകൾ റദ്ദാക്കിയത്.
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം യാസ് ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ് വീശുക. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടും. ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ, അസം എന്നിവിടങ്ങളിലും മഴ ലഭിക്കും.
അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചു.