'എന്തിനാ കൊച്ചുകുട്ടികളെ കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നെ?' കുരുന്നിന്‍റെ പരാതിയില്‍ ഇടപെട്ട് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍

'കുഞ്ഞുങ്ങളുടെ ഹോംവര്‍ക്ക് ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനകം നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു'

Update: 2021-06-01 03:00 GMT
Advertising

"രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഓണ്‍ലൈന്‍ ക്ലാസ്. ഇംഗ്ലീഷ്, കണക്ക്, ഉറുദു എന്നിവക്ക് പുറമെ കമ്പ്യൂട്ടര്‍ ക്ലാസുകളുമുണ്ട്. കൊച്ചുകുട്ടികളെ കൊണ്ട് എന്തിനാ ടീച്ചര്‍മാര്‍ ഇങ്ങനെ പണിയെടുപ്പിക്കുന്നെ മോദി സാബ്? 6, 7 ക്ലാസ്സുകളിലുള്ള മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടുതല്‍ ജോലി നല്‍കണം"- ജമ്മു കശ്മീരില്‍ നിന്നുള്ള ആറ് വയസുകാരി പ്രധാനമന്ത്രിയോട് പറഞ്ഞ പരാതിയാണിത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിയ വീഡിയോ ആണിത്. ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളും കുഞ്ഞുങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് നിഷ്കളങ്കമായി പരാതിപ്പെട്ട കുരുന്നിനെ പിന്തുണച്ച് നിരവധി പേരെത്തി. കുരുന്നിന്‍റെ പരാതിയില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇടപെട്ടു. കുട്ടികളുടെ ഗൃഹപാഠങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനുള്ളില്‍ നയം രൂപീകരിക്കണമെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

"മനോഹരമായ പരാതി. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനകം നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം"- പെൺകുട്ടിയുടെ വീഡിയോയ്ക്ക് മറുപടിയായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

കുഞ്ഞിന്‍റെ പരാതി ന്യായമാണെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ ക്ലാസ് കാരണം ആറ് മണിക്കൂര്‍ വരെയൊക്കെ കുഞ്ഞുങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇത് അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റല്‍ പഠനം കുഞ്ഞുങ്ങള്‍ക്ക് പീഡനമായി മാറാതെ അവരെ രക്ഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News