മധ്യപ്രദേശിൽ വ്യാജ റെംഡെസിവിർ ഇൻജക്ഷനെടുത്ത 90 ശതമാനം പേർക്കും കോവിഡ് ഭേദമായി!
തങ്ങൾ ആരോഗ്യ വിദഗ്ധരല്ലാത്തതിനാല്‍ വ്യാജ കേസുകള്‍ ഡോക്ടർമാർ കൂടി പരിശോധിച്ചു സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ഇൻഡോർ പൊലീസ് പ്രതികരിച്ചു
കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ വ്യാജൻ ലഭിച്ച 90 രോഗികളും വൈറസ് മുക്തരായതായി വാർത്ത! മധ്യപ്രദേശിലാണ് ഗുജറാത്തിൽനിന്നുള്ള സംഘം വിതരണം ചെയ്ത വ്യാജ മരുന്ന് ഇൻജക്ഷനെടുത്ത ഭൂരിഭാഗം രോഗികളും കോവിഡ്മുക്തരായിരിക്കുന്നത്. മധ്യപ്രദേശ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് ഭീതിക്കിടെ മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാജ ഡോക്ടർമാരും മുറിവൈദ്യന്മാരും സജീവമാകുന്നതിനിടെയാണ് വിചിത്രകരമായ ഈ വാർത്ത.
വ്യാജ റെംഡെസിവിർ വിതരണം ചെയ്യുന്ന റാക്കറ്റുകൾ ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിൽ വച്ച് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് സംഘങ്ങളിൽനിന്നു വ്യാജ മരുന്ന് കൈപറ്റിയ ആളുകൾക്കിടയിൽ നടത്തിയ അന്വേഷണത്തിലാണ് ഈ വിചിത്ര വസ്തുത പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. വ്യാജ ഇൻജക്ഷനെടുത്ത ഭൂരിഭാഗം പേർക്കും രോഗമുക്തിയുണ്ടായതായാണ് കണ്ടെത്തിയത്.
സാധാരണ ഗ്ലൂക്കോസും ഉപ്പും ചേർത്ത ലായനിയാണ് റെംഡെസിവിർ എന്ന വ്യാജേന സംഘം വിതരണം ചെയ്തിരുന്നത്. ഇൻഡോറിൽ വ്യാജ ഇൻജക്ഷൻ സ്വീകരിച്ചവരിൽ പത്തുപേർ മരിച്ചപ്പോൾ നൂറുപേർ കോവിഡ്മുക്തരായി. പിടിയിലായ സംഘം ഇത്തരത്തിൽ 1,200ഓളം വ്യാജ ഇൻജക്ഷനുകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതേസമയം, തങ്ങൾ ആരോഗ്യ വിദഗ്ധരല്ലെന്നും ഇത് ഡോക്ടർമാർ കൂടി പരിശോധിച്ചു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇൻഡോർ ഐജി ഹരി നാരായൺ ചാരി മിശ്ര പ്രതികരിച്ചു. വ്യാജ മരുന്ന് റാക്കറ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മിശ്ര അറിയിച്ചു.