യുപിയിൽ മുസ്‌ലിം യുവാവിന്റെ ഷോപ്പിൽ പൊലീസ് തന്നെ തോക്ക് കൊണ്ടുവച്ച് കള്ളക്കേസില്‍ കുടുക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്തായി

തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കി യുവാവിനെ കള്ളക്കേസില്‍ കുടുക്കാനായിരുന്നു പൊലീസിന്റെ ശ്രമം

Update: 2021-06-13 06:31 GMT
Advertising

ഉത്തർപ്രദേശിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. യുവാവിന്റെ ഷോപ്പിൽ പൊലീസ് തന്നെ തോക്ക് കൊണ്ടുവെച്ച് കള്ളക്കേസില്‍ കുടുക്കാനായിരുന്നു ശ്രമം. എന്നാൽ ഷോപ്പിലെ സി.സി.ടി.വി പൊലീസിനെ വെട്ടിലാക്കി. അമേത്തി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയിലാണ് സംഭവം.

തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കി യുവാവിനെ കള്ളക്കേസില്‍ കുടുക്കാനായിരുന്നു പൊലീസിന്റെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ക്ലിപ്പില്‍, മറ്റ് പോലീസുകാര്‍ക്കൊപ്പമെത്തിയ ഒരു കോണ്‍സ്റ്റബിള്‍ കടയില്‍ തോക്ക് കൊണ്ടുവെക്കുന്നതും ശേഷം കടയുടമയെ പിടികൂടാന്‍ ശ്രമിക്കുന്നതും കാണാം. പക്ഷേ സി.സി.ടി.വി ക്യാമറയെക്കുറിച്ച് പറഞ്ഞതോടെ പൊലിസ് സംഘം ഷോപ്പുടമയെ വിട്ടയച്ച് സ്ഥലം കാലിയാക്കി. മാര്‍ച്ച് 16ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.

'തന്റെ കടയില്‍ തോക്ക് കൊണ്ടുവന്ന് വച്ച ശേഷം താന്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നുവെന്നായിരുന്നു പൊലിസുകാര്‍ പറഞ്ഞത്. എന്നാല്‍, കടയില്‍ രണ്ട് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും തോക്ക് കൊണ്ടുവെച്ചത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞതോടെ സംഘം സ്ഥലം കാലിയാക്കി. വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും നവഭാരത് ടൈംസിനോട് അദ്ദേഹം പറഞ്ഞു.'

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News