അത്ഭുതമരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന് പറഞ്ഞയാള്‍ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞ് മരിച്ചു
കോവിഡ് പെട്ടന്ന് ഭേദമാക്കുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച് ഇദ്ദേഹം വിശദീകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ആയുര്‍വേദത്തിലെ അത്ഭുതമരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന് പറഞ്ഞയാള്‍ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് മരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയും റിട്ടയര്‍ഡ് ഹെഡ്മാസ്റ്ററുമായ എന്‍ കോട്ടയ്യയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് പെട്ടന്ന് ഭേദമാക്കുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച് ഇദ്ദേഹം വിശദീകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കൃഷ്ണപട്ടണത്തെ ബോനിഗി ആനന്ദയ്യ നിര്‍മ്മിച്ച ഒരു മരുന്നിനെക്കുറിച്ചാണ് ഇദ്ദേഹം വീഡിയോയില്‍ പറഞ്ഞത്. കണ്ണില്‍ ഉറ്റിക്കുന്ന ഈ മരുന്ന് ഉപയോഗിച്ച് തനിക്ക് കോവിഡ് ഭേദമായെന്നും എല്ലാവരും കൃഷ്ണപട്ടണത്ത് പോയി മരുന്ന് വാങ്ങണമെന്നും കോട്ടയ്യ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.
മരുന്ന് നിര്‍മ്മിച്ച ആനന്ദയ്യയുടെ സംഘത്തിലെ മൂന്നുപേര്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായതായി കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മറ്റ് 20 പേരുടെ സാംപിള്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിനായി അയച്ചിട്ടുണ്ട്.
പ്രാദേശികമായി നിര്‍മ്മിച്ച കോവിഡ് മരുന്നുകള്‍ക്ക് അനുമതി നല്‍കാന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗ്മോഹന്‍ റെഡ്ഢി വിളിച്ചു ചേര്‍ത്ത അവലോകനയോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ആനന്ദയ്യ നിര്‍മ്മിച്ച മരുന്നിന് യോഗം അനുമതി നല്‍കിയിരുന്നില്ല.