യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിൽ മത്സരിക്കാന്‍ എംഐഎം

മുൻ യുപി മന്ത്രി ഓം പ്രകാശ് രാജ്ബറിന്റെ നേതൃത്വത്തിലുള്ള ബിഎസ്എമ്മുമായി ചേർന്ന് എംഐഎം തെരഞ്ഞെടുപ്പ് സഖ്യചര്‍ച്ചകള്‍ ആരംഭിച്ചു

Update: 2021-06-13 11:55 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദിലെ ശക്തികേന്ദ്രം വിട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കാനുള്ള നീക്കത്തിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എഐഎംഐഎം). ഇതിന്റെ ഭാഗമായാണ് ബിഹാർ, യുപി, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം എഐഎം സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാല്‍, അടുത്ത വര്‍ഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുമായി സഖ്യം ചേര്‍ന്ന് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് എംഐഎം നേതൃത്വം.

2022 ഫെബ്രുവരിയിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 403 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 100 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ഇപ്പോള്‍ എംഐഎം ആലോചിക്കുന്നത്. ഇതിന്റെ മുന്നോടിയായി സംസ്ഥാനത്തെ വിവിധ ചെറുകക്ഷികളെ ചേർത്ത് സഖ്യരൂപീകരണത്തിനുള്ള ചർച്ചയും പാർട്ടി നേതൃത്വം ആരംഭിച്ചുകഴിഞ്ഞു.

മുൻ യുപി മന്ത്രി ഓം പ്രകാശ് രാജ്ബറിന്റെ നേതൃത്വത്തിലുള്ള ഭാഗീദരി സങ്കൽപ് മോർച്ച(ബിഎസ്എം) സഖ്യവുമായി ചേർന്നാണ് ചർച്ചകൾ പുരോഗമിക്കുന്നത്. രാജ്ബറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി)ക്ക് പുറമെ മറ്റ് എട്ടു ചെറു പാർട്ടികളും നിലവിൽ സഖ്യത്തിന്റെ ഭാഗമാണ്. എംഐഎമ്മും ഇതിൽ ഉൾപ്പെടും. ഒബിസി, ദലിത്, ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് മുന്നണി പ്രചാരണതന്ത്രങ്ങൾ ഒരുക്കുന്നത്.

രണ്ടുവർഷത്തോളം യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗമായിരുന്നു ഓം പ്രകാശ് രാജ്ബർ. 2019ൽ അഭിപ്രായ ഭിന്നതയെ തുടർന്ന് സഖ്യം വിടുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എസ്ബിഎസ്പിയെ എൻഡിഎ സഖ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിജെപി നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് എംഐഎം ഉത്തർപ്രദേശ് പ്രസിഡന്റ് ശൗഖത്ത് അലി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഇതിന്റെ ഭാഗമായി 75 ജില്ലകളിലും പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ നിയമിച്ചുകഴിഞ്ഞു. 100 സീറ്റുകളിൽ മത്സരിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക ദേശീയ പ്രസിഡന്റ് അസദുദ്ദീൻ ഉവൈസിയായിരിക്കുമെന്നും ശൗഖത്ത് അലി കൂട്ടിച്ചേർത്തു.

2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 36 ഇടത്ത് മത്സരിച്ചിരുന്നെങ്കിലും എംഐഎമ്മിന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 24 ജില്ലാ പഞ്ചായത്ത് സീറ്റുകൾ സ്വന്തമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.

അതേസമയം, മുഖ്യധാരാ പാര്‍ട്ടികളുമായി സഖ്യം ചേരാതെ എംഐഎം വേറിട്ടു മത്സരിക്കുന്നത് മുസ്‍ലിം വോട്ടുകൾ ഭിന്നിക്കാനാനിടയാക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സമാജ്‌വാദി പാർട്ടിയുമായോ ബഹുജൻ സമാജ് പാർട്ടിയുമായോ സഖ്യം ചേരാതെ ബിഎസ്എം മുന്നണി ഒറ്റയ്ക്ക് പോരാടാനാണ് പദ്ധതിയിടുന്നതെങ്കിൽ അത് മുസ്‍ലിം വോട്ടുകളില്‍ മാത്രമല്ല യാദവ, ദലിത് വോട്ട്ബാങ്കിലും വിള്ളലുണ്ടാക്കും. നിലവില്‍ വന്‍ തിരിച്ചടി മുന്നില്‍ കാണുന്ന ബിജെപിക്ക് ചെറിയ പരിക്കുകളോടെയാണെങ്കിലും വീണ്ടും അധികാരത്തിലേക്കു തിരിച്ചെത്താനുള്ള വഴികളായിരിക്കും ഇതുവഴി തുറക്കപ്പെടുക. 

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News