കോവിഡ് വ്യാപനം; ബംഗാളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ നിയന്ത്രണം. മെഗാ റാലികളടക്കം നിരോധിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. 500 പേരിൽ കൂടുതലുള്ള റാലികൾ പാടില്ലെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. റോഡ് ഷോകൾക്കും ബൈക്ക് റാലികള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
റോഡ്ഷോകൾക്കോ ബൈക്ക് റാലികൾക്കോ നേരത്തെ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അവ പിൻവലിക്കുമെന്നും പൊതുയോഗങ്ങൾ പുതിയ ഉത്തരവ് പ്രകാരം പരിഷ്‌ക്കരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഏഴ്- എട്ട് ഘട്ട വോട്ടെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. ഏപ്രില്‍ 26, 29 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈനായി ഉന്നത തല യോഗം ചേരും.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടത്താനിരുന്ന പശ്ചിമ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുമെന്നും അതിനാല്‍ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നുമാണ് മോദി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
മൂര്‍ഷിദാബാദ്, മാള്‍ഡ, ബീര്‍ഭും, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമ ബംഗാളിലെ പ്രചാരണം വെട്ടിക്കുറച്ചിട്ടുണ്ട്.
Tomorrow, will be chairing high-level meetings to review the prevailing COVID-19 situation. Due to that, I would not be going to West Bengal.
— Narendra Modi (@narendramodi) April 22, 2021