'കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് ബിജെപി; പ്രതിപക്ഷം ക്വാറന്റൈനിൽ പോയി വാക്‌സിനു വേണ്ടി നിലവിളിക്കുകയാണ്'; വിർശനവുമായി ജെപി നദ്ദ
'മഹാമാരിക്കിടയിൽ ജനങ്ങൾക്കൊപ്പമാണ് ബിജെപി പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. ടിവി ചർച്ചകളിലോ ട്വിറ്ററിലോ മാത്രമാണ് പ്രതിപക്ഷത്തെ കാണാൻ കിട്ടുന്നത്' ബിജെപി ദേശീയ അധ്യക്ഷന്‍ ആക്ഷേപിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തെ ആക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കോവിഡ് മഹാമാരിക്കിടയിൽ ബിജെപി പ്രവർത്തകരും നേതാക്കളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പ്രതിപക്ഷം ക്വാറന്റൈനിൽ പോയിരിക്കുകയാണെന്ന് നദ്ദ വിമർശിച്ചു.
കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ. സർക്കാരിന്റെ മനോവീര്യം തകർക്കാനും ഭരണത്തെക്കുറിച്ച് എതിർപ്പ് ഉയർത്താനും പ്രതിപക്ഷ പാർട്ടികൾ കിണഞ്ഞു പരിശ്രമിച്ചു. ഇപ്പോൾ അവർ വാക്‌സിനു വേണ്ടി നിലവിളിക്കുകയാണ്. വാക്‌സിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നവർ ഇപ്പോൾ അതിനുവേണ്ടി കരയുകയാണ്-നദ്ദ കുറ്റപ്പെടുത്തി.
രണ്ടു കമ്പനികളുണ്ടായിരുന്നിടത്തുനിന്ന് ഇപ്പോൾ 13 കമ്പനികൾക്ക് കോവിഡ് വാക്‌സിൻ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അധികം വൈകാതെ തന്നെ 19 കമ്പനികൾ കൂടി വാക്‌സിൻ ഉൽപാദനം ആരംഭിക്കും. ഭാരത് ബയോടെക് ഒക്ടോബറിനകം പ്രതിമാസം 10 കോടി വാക്‌സിൽ ഉൽപാദിപ്പിക്കുമെന്നും നദ്ദ അറിയിച്ചു.
പ്രതിപക്ഷം ഇതിനൊക്കെ തടസമാണ്. അവർ ക്വാറന്റൈനിൽ പോയിരിക്കുകയാണ്. എവിടെയും പ്രതിപക്ഷത്തെ കാണാനില്ല. ടിവി ചർച്ചകളിലോ ട്വിറ്ററിലോ മാത്രമാണ് അവരെ കാണാൻ കിട്ടുന്നത്. വിർച്വൽ വാർത്താ സമ്മേളനത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിപക്ഷ നേതാക്കളിൽനിന്നു വ്യത്യസ്തമായി ബിജെപി പ്രവർത്തകർ മഹാമാരിക്കിടയിൽ ജനങ്ങൾക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.