'എന്‍റെ ഭാര്യയ്ക്ക് ചികിത്സ കിട്ടാന്‍ അലഞ്ഞു, അപ്പോള്‍ സാധാരണക്കാരുടെ കാര്യം എന്താകും?' യു.പിയിലെ ബിജെപി എംഎല്‍എ

യു.പിയിലെ ജസ്റാനയിൽ നിന്നുള്ള ബിജെപി എംഎൽഎ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ മണിക്കൂറുകള്‍ അലഞ്ഞത്

Update: 2021-05-11 02:05 GMT
Advertising

"ഒരു എംഎൽഎ ആയിട്ട് പോലും കോവിഡ് ബാധിച്ച എന്‍റെ ഭാര്യയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നില്ല. അപ്പോൾ സാധാരണക്കാരുടെ കാര്യം എന്താകും?" പറയുന്നത് ഉത്തര്‍പ്രദേശ് ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ. ഫിറോസാബാദിലെ ജസ്റാനയിൽ നിന്നുള്ള ബിജെപി എംഎൽഎ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകളോളം അലഞ്ഞത്.

കോവിഡ് ബാധിച്ചപ്പോള്‍ ഫിറോസാബാദിലെ ആശുപത്രിയിലായിരുന്നു എംഎൽഎയുടെ ഭാര്യ സന്ധ്യ ലോധി. പിന്നീട് ആഗ്രയിലെ കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് എംഎൽഎ കോവിഡ് ബാധിതനായി മറ്റൊരു ആശുപത്രിയിലെ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടതേയുള്ളൂ. എന്നാൽ ആഗ്രയിലെത്തിയപ്പോൾ കിടക്ക ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ എംഎൽഎയുടെ ഭാര്യയെ മടക്കി. ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം ഇടപെട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും എംഎല്‍എ പറഞ്ഞു.

"എന്‍റെ ഭാര്യ മൂന്ന് മണിക്കൂറോളം തറയിലാണ് കിടന്നത്. ഭക്ഷണമോ വെള്ളമോ മതിയായ പരിചരണമോ ലഭിച്ചില്ല. 24 മണിക്കൂറിനു ശേഷമാണ് ഭാര്യയുടെ ആരോഗ്യനിലയെപ്പറ്റി എനിക്ക് എന്തെങ്കിലും വിവരം ലഭിക്കുന്നതുതന്നെ. ആശുപത്രിയിലെ ആരില്‍ നിന്നും ഒരു വിവരവും ലഭിച്ചില്ല"- രാംഗോപാൽ ലോധി പറഞ്ഞു. കോവിഡ് മുക്തനായ എംഎല്‍എ ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഭാര്യയ്ക്കൊപ്പം ആഗ്രയിലേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്ന് എസ്എന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ സഞ്ജയ് കാല പ്രതികരിച്ചു. താന്‍ തന്നെയാണ് അവരെ ചികിത്സിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഗുരുതരമായിരുന്നു അവരുടെ അവസ്ഥ. ഓക്സിജന്‍റെ അളവ് കുറവായിരുന്നു. മതിയായ ചികിത്സ നല്‍കിയതോടെ അപകടാവസ്ഥ തരണം ചെയ്തു. അതിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാധ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെയാണ് എംഎല്‍എയുടെ ഭാര്യയ്ക്ക് നല്‍കിയതെന്നും ഡോക്ടര്‍ പറഞ്ഞു. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News