നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കാന്‍ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം അടിമുടി മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.
കേരളത്തിലടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കാൻ കോൺഗ്രസ് അഞ്ചംഗസമിതിയെ നിയോഗിച്ചു. സമിതിക്ക് മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ നേതൃത്വം നൽകും. സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസന്‍റ് എച്ച്.പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയഗാന്ധി അറിയിച്ചതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെയും പശ്ചിമബംഗാളിലെയും തോൽവിയാണ് നേതൃത്വത്തെ കൂടുതൽ ഞെട്ടിച്ചത്. പശ്ചിമബംഗാളിൽ സിപിഎമ്മുമായി അടക്കം കൂട്ടുചേർന്നുള്ള കോൺഗ്രസ് സഖ്യം തകർന്നടിഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കകം സമിതി നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം സംഘടനയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.
രാഹുലും പ്രിയങ്കയും എത്തിയ കേരളത്തിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് എഐസിസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തൊലിപ്പുറത്തെ ചികിത്സപോരെന്നും സംഘടനയിൽ അഴിച്ചുപണിവേണമെന്നും സോണിയഗാന്ധി ആവശ്യപ്പെട്ടിരുന്നു.