കോവിഡ് ചികിത്സ സഹായങ്ങളുടെ ഇറക്കുമതി; കേന്ദ്രത്തോട് നികുതി ഇളവ് ആവശ്യപ്പെട്ട് മമത ബാനര്‍ജി
ഇക്കാര്യം ചൂണ്ടിക്കാട്ടി മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇക്കാര്യം ചൂണ്ടിക്കാട്ടി മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.
ഓക്‌സിജന്‍ സിലിണ്ടറുകള്‍, സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ തുടങ്ങി വിവിധ ചികിത്സ സഹായങ്ങള്‍ ചില സ്ഥാപനങ്ങളും വ്യക്തികളും ഏജന്‍സികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരം സഹായങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജി.എസ്.ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമതയുടെ ആവശ്യം. സഹായം വാഗ്ദാനം ചെയ്തവര്‍ നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടി.
പുറത്തു നിന്ന് ലഭിക്കുന്ന സഹായം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുമെന്നും മമത പറയുന്നു. കസ്റ്റംസ്, ജി.എസ്.ടി, സി.ജി.എസ്.ടി തുടങ്ങിയവ കേന്ദ്രസര്‍ക്കാരിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയവയുടെ വിതരണം വര്‍ധിപ്പിക്കണമെന്നും ബംഗാളിലേയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേയും ആരോഗ്യമേഖലയിലെ അടിസ്ഥാന ആവശ്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു.