40 ദിവസത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ
ഏപ്രില്‍ 14 ന് ആണ് രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നത്.
ഇന്ത്യയില്‍ കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്. മരണനിരക്കും 27 ദിവസത്തിനിടെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേരാണ് രാജ്യത്ത് മരിച്ചത്.
19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 13 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്. ഏപ്രില്‍ 14 ന് ആണ് രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നത്. അവിടുന്ന് അങ്ങോട്ട് വന്‍ കുതിപ്പാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം വരെ കടന്നിരുന്നു.
രാജ്യത്തെ ഭീതിപ്പെടുത്തിയ കോവിഡിന്‍റെ രണ്ടാതരംഗം അവസാനിക്കുന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പക്ഷേ കോവിഡ് ബാധിതരായവരുടെ മരണത്തില്‍ വര്‍ധനവുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. മെയ് 17 ന് മുമ്പുള്ള ആഴ്ചയില്‍ കോവിഡ് മരണങ്ങള്‍ 29334 ആയിരുന്നെങ്കില്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ അത് 29331 ആയി വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍ ഈ കാലയളവുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം കുറയുകയാണ് ചെയ്തിട്ടുള്ളത്. മെയ് 17 നും 23നും ഇടയില്‍ ഇന്ത്യയിലെ പുതിയ രോഗബാധിതര്‍ 17,868,73 ആണെങ്കില്‍ മെയ് 10 നും 16 നും ഇടയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം 23,00,440 ആയിരുന്നു. മെയ് ആദ്യവാരത്തിലെ കോവിഡ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 35 ശതമാനം കുറവാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.