വാക്സിന്‍ ക്ഷാമം; കൂടുതല്‍ കമ്പനികള്‍ക്ക് നിര്‍മാണാനുമതി നല്‍കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കെജ്രിവാള്‍
വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ഒരു ദേശീയ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
കോവിഡ് വാക്സിൻ നിർമിക്കാനുള്ള അനുമതി കൂടുതൽ കമ്പനികൾക്ക് നൽകണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവിലെ ഉത്പാദകരില്‍ നിന്ന് വാക്സിന്‍ ഫോര്‍മുല വാങ്ങി കൂടുതല്‍ കമ്പനികള്‍ക്ക് പങ്കുവയ്ക്കാനും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് ഇന്ത്യയില്‍ നിലവിലുള്ള കോവിഡ് വാക്സിനുകള്‍. പ്രതിമാസം ആറു മുതൽ ഏഴു കോടി ഡോസ് വാക്സിനാണ് ഈ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നത്. ഈ രീതിയിൽ എല്ലാവരിലേക്കും വാക്സിൻ എത്തിക്കാൻ ഏകദേശം രണ്ടു വർഷത്തിലധികമെടുക്കും. അപ്പോഴേക്കും കോവിഡിന്‍റെ നിരവധി തരംഗങ്ങൾ വരാൻ സാധ്യതയുണ്ട്. കെജ്രിവാൾ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ഈ അവസരത്തില്‍ കൂടുതൽ കമ്പനികള്‍ക്ക് നിര്‍മാണാനുമതി നല്‍കിയാല്‍ വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താൻ സാധിക്കുമെന്നും വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ഒരു ദേശീയ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വാക്സിൻ നിർമ്മാണത്തിന്‍റെ ഫോർമുല മറ്റു കമ്പനികൾക്ക് നല്‍കണം. ദുഷ്കരമായ ഈ സമയത്ത് ഇങ്ങനെ ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിദിനം 1.25 ലക്ഷം ആളുകൾക്കാണ് ഡല്‍ഹിയില്‍ വാക്സിന്‍ നൽകുന്നത്. ഇത് മൂന്നു ലക്ഷത്തിലേക്കുയര്‍ത്തും. അങ്ങനെ മൂന്നു മാസത്തിനുള്ളിൽ എല്ലാവര്‍ക്കും വാക്സിൻ നല്‍കാന്‍ സാധിക്കും. എന്നാൽ ഇപ്പോൾ വാക്സിൻ ക്ഷാമം നേരിടുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായകമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഓക്‌സിജന്‍ കിടക്കകള്‍ക്കും ഐ.സി.യുവിനും ക്ഷാമമില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.