ലക്ഷദ്വീപില്‍ കാറ്റും മഴയും ശക്തം; കനത്ത നാശനഷ്ടം

ഇന്ന് പുലര്‍ച്ചെ 2.30 നാണ് ടോക്‍ടേ ലക്ഷദ്വീപിനടുത്ത് എത്തിയത്.

Update: 2021-05-15 01:56 GMT
By : Web Desk
Advertising

ടോക്‍ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ മഴയും കാറ്റും ശക്തമായി തുടരുന്നു. കനത്ത നാശനഷ്ടം. ദ്വീപിൽ കനത്ത ജാഗ്രതാ നിർദേശംനല്‍കിയിട്ടുണ്ട്. ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ദ്വീപില്‍. കൽപേനി ദ്വീപിൽ കടൽക്ഷോഭവും രൂക്ഷമാണ്. ലക്ഷദ്വീപിൽ അഗത്തി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ തുടങ്ങിയ കാറ്റിന് രാത്രിയിലും ശമനമുണ്ടായില്ല. ദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കൽപേനി ദ്വീപിൽ മഴക്കൊപ്പം കനത്ത കടൽക്ഷോഭവുമുണ്ട്.. ജനവാസ മേഖലയിലേക്ക് കടൽ കയറുന്നത് പ്രദേശത്ത് ഭീതി പടർത്തുകയാണ്.. മത്സ്യ ബന്ധന ബോട്ടുകളും വീടുകളും തകർന്നിട്ടുണ്ട്. കാറ്റ് ആഞ്ഞടിക്കുന്നതിനാൽ ദ്വീപ് വാസികൾ കടുത്ത ആശങ്കയിലാണ്. നിരവധി തെങ്ങുകൾ റോഡുകളിലേക്ക് കടപുഴകി വീണതിനെ തുടർന്ന് ഗതാഗതവും സ്തംഭിച്ചു. അഗത്തി, കൽപേനി, ചെത്തിലാത്ത് ദ്വീപുകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുള്ളത്

തെക്ക് കിഴക്കൻ അറബിക്കടലിൽ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ചു ടോക്‍ടേ ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30 നാണ് ടോക്‍ടേ ലക്ഷദ്വീപിനടുത്ത് എത്തിയത്. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഉള്ളത്.      

അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. സിസ്റ്റത്തിലെ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 നോട്‌ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി.

Tags:    

By - Web Desk

contributor

Similar News