ടോക്ടെ ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രത
44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടോക്ടെ ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തും. നാളെ പുല൪ച്ചയോടെ ഗുജറാത്തിലെ പോർബന്ദർ - മഹുവ മേഖലയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
ഇതിനകം ടോക്ടെ മുംബൈ തീരത്തോട് അടുത്തിരിക്കുകയാണ്. 200 കിലോമീറ്ററിൽ താഴെ അകലത്തിലാണ് കാറ്റുള്ളത്. ഡാം ആൻഡ് ഡിയു തീരത്തിൽ നിന്ന് 350 കിലോമീറ്റ൪ അകലത്തിലുമാണ്. ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തുന്ന ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിനകം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടോക്ടെ 170-180 വരെ കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. തീരം തൊടുമ്പോൾ 135 കിലോമീറ്റ൪ വേഗതയിൽ വീശിയടിച്ചേക്കും.
കേരള, ക൪ണാടക, ഗോവൻ തീരങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചാണ് ടോക് ടെ കടന്നുപോയത്. വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങൾ കടപുഴകി. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഗോവയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആളപായം ഒട്ടുമില്ലാതിരിക്കാനുള്ള മുൻകരുതലാണ് സ്വീകരിച്ച് വരുന്നതെന്ന് അമിത്ഷാ വ്യക്തമാക്കി.
കേരളം, ക൪ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി നൂറിലധികം ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 56 സേനാവിഭാഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. 22 സംഘങ്ങളെ കൂടി തയ്യാറാക്കി നിർത്തിയിട്ടുണ്ട്.