ആഭ്യന്തര വിമാനയാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രം
രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്
ആഭ്യന്തര വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് സിവിൽ ഏവിയേഷൻ വകുപ്പ് വർധിപ്പിച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഡൽഹി -തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയർന്നു. ഡൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്. കൊച്ചി– പൂനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപയുമാകും.
40 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാന യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,300ല്‍ നിന്ന് 2,600ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 13 ശതമാനം കൂടുതലാണ് ഇത്. 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 3,300 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേരത്തെ ഇത് 2,900രൂപയായിരുന്നു. ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 4,000 രൂപ, ഒന്നര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ 4,700 രൂപ, രണ്ടര മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ 6,100 രൂപ, മൂന്ന് മണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ 7,400രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്ക് നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 700 രൂപയോളം അധികം നല്‍കേണ്ടിവരും. കോവിഡ് വ്യാപനത്തേതുടര്ന്നുള്ള നിയന്ത്രണങ്ങളും വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കാരണം.