കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.
ചെന്നൈ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. 'നിങ്ങൾ മാത്രമാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് ഉത്തരവാദി' എന്ന് ചീഫ് ജസ്റ്റിസ് സനിബ് ബാനർജി തുറന്നടിച്ചു. നിങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ പരാമർശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ കമ്മിഷനായില്ല. മാസ്‌ക് ധരിക്കുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇതൊന്നും നടപ്പായില്ല. തെരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ നിങ്ങൾ മറ്റൊരു ലോകത്തായിരുന്നോ? - കമ്മിഷൻ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിനത്തിനായി നടത്തിയ മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ് എന്ന് കോടതി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട രൂപരേഖ സമർപ്പിച്ചില്ലെങ്കിൽ മെയ് രണ്ടിലെ വോട്ടെണ്ണൽ നടത്താൻ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പു നൽകി.
പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഇത്തരത്തിൽ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഓർമിപ്പിക്കേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പൗരൻ അതിജീവിക്കുമ്പോൾ മാത്രമാണ് അയാൾക്ക്/അവൾക്ക് ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാൻ കഴിയുന്നത്. അതിജീവനവും സംരക്ഷണവും മാത്രമാണ് ഇപ്പോഴത്തെ സാഹചര്യം. മറ്റെല്ലാം അടുത്തതാണ്- ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൗണ്ടിങ് ദിനത്തിൽ ആവിഷ്‌കരിച്ച രൂപരേഖ സമർപ്പിക്കാൻ ജസ്റ്റിസ് സെന്തൽകുമാർ രാമമൂർത്തി കൂടി അംഗമായ ബഞ്ച് കമ്മിഷനോട് നിർദേശിച്ചു. സംസ്ഥാന ആരോഗ്യസെക്രട്ടറിയുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കണം എന്നാണ് കോടതിയുടെ നിർദേശം. ഏപ്രിൽ 30ന് അകം ബ്ലൂപ്രിന്റ് നൽകണം എന്നാണ് കോടതി ഉത്തരവ്.