കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ 3000 സായുധ പൊലീസിനെ വിന്യസിച്ച് ഹരിയാന സര്‍ക്കാര്‍
കര്‍ഷകര്‍ നാളെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വസതി ഉപരോധിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നടപടി.
കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള നീക്കവുമായി ഹരിയാന സർക്കാർ. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കർഷകർ നാളെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വസതി ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമരത്തെ നേരിടാന്‍ മൂവായിരത്തോളം സായുധ പൊലീസിനെയാണ് സര്‍ക്കാര്‍ നിയോഗിക്കുന്നത്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധിച്ച 350ഓളം കർഷകർക്കുമേല്‍ ഹിസാർ പൊലീസ് കഴിഞ്ഞ ദിവസം ക്രിമിനൽ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വധശ്രമം, കലാപമുണ്ടാക്കൽ, തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിരുന്നു.
കേസെടുക്കാൻ നിർദേശം നൽകിയ പൊലീസ് ഐ.ജിയുടെ ഹിസാറിലെ വസതി ഉപരോധിക്കാൻ കർഷകര്‍ തീരുമാനിച്ചത് ഇതേതുടര്‍ന്നാണ്. അതേസമയം, ഹിസാറിലെ സാഹചര്യങ്ങൾ വിലയിരുത്താന്‍ ഇന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ദ്രുതകർമ്മ സേനയുടെ 30 ഓളം കമ്പനിയെ സമരത്തെ നേരിടാൻ നിയോഗിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ആറു മാസമായി പ്രക്ഷോഭത്തിലാണ് കർഷകർ. മെയ് 26ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനാണ് കർഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കൂടുതൽ കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നുണ്ട്. മൂന്നു നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ ഉറച്ച തീരുമാനം. എന്നാല്‍, നിയമങ്ങൾ പിൻവലിക്കില്ലെന്നും മാറ്റങ്ങൾ വരുത്താമെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.