ഡൽഹി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വ്യോമസേനാ വിമാനത്തിനു തീപിടിച്ചു
വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യോമസേന വാർത്താകുറിപ്പിൽ അറിയിച്ചു
ഡൽഹി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിനു തീപിടിച്ചു. വ്യോമസേനയുടെ ഗതാഗത വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യോമസേന വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നാമത്തെ റൺവേയിൽ വിമാനമിറങ്ങുമ്പോഴായിരുന്നു സംഭവം. ഐഎഎഫ് ഡോർണിയർ 228 വിമാനമാണ് ഇന്നു വൈകീട്ട് അപകടത്തിൽപെട്ടത്. വിമാനത്തിന്റെ ചക്രത്തിലാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നിശമനസേനയും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
അപകടസമയത്ത് കൂടുതൽ പേർ വിമാനത്തിലുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. എന്താണ് അപകടകാരണമെന്ന് അറിയാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഐഎഎഫ് വാർത്താകുറിപ്പിൽ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച ഭാരം കുറഞ്ഞ വിമാനത്തിൽ രണ്ട് പൈലറ്റുമാർ അടക്കം 19 പേർക്ക് യാത്ര ചെയ്യാനാകും.