''വൃദ്ധനായതുകൊണ്ട് വെറുതെ വിടുന്നു; യുവാവായിരുന്നെങ്കിൽ കൊന്നുകളഞ്ഞേനെ...''; ജീവനുവേണ്ടി കേണപേക്ഷിച്ചപ്പോള്‍ സൈഫിയോട് അക്രമികള്‍ പറഞ്ഞു

കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി സംഘം സൈഫിയെ ക്രൂരമായി മർദിച്ചു. ജയ് ശ്രീറാം മുഴക്കാൻ നിർബന്ധിച്ചു. താടി മുറിച്ചുകളഞ്ഞു. നാലു മണിക്കൂറോളം അക്രമികൾ പ്രായാവശതകൾ പേറുന്ന വയോധികനുമേൽ മർദനങ്ങൾ അഴിച്ചുവിട്ടു

Update: 2021-06-15 03:21 GMT
Editor : Shaheer | By : Web Desk
Advertising

"അമ്മാവാ, എങ്ങോട്ടാണ് പോകേണ്ടത്? പോരുന്നോ.. ഞാൻ കൊണ്ടുവിടാം..."

പ്രായാധിക്യത്തിന്റെ ശാരീരിക അവശതകൾ പേറുന്ന ഒരു വയോധികനോട് ഏത് മനുഷ്യഹൃദയമുള്ളവനും തോന്നാവുന്ന ഒരു സഹാനുഭൂതിയായി മാത്രമേ ആ വാക്കുകള്‍ കേട്ടാല്‍ തോന്നൂ. ചെറുപ്പക്കാരനായ ഓട്ടോഡ്രൈവറുടെ സഹായ വാഗ്ദാനത്തെ അവിശ്വസിക്കാൻ നാട്ടിലെ അന്തരീക്ഷം വച്ച് പല കാരണങ്ങളുമുണ്ടായിരുന്നെങ്കിലും 72കാരനായ അബ്ദുസ്സമദ് സൈഫി അധികമൊന്നും ആലോചിച്ചില്ല. വിശ്വസിച്ച് ഓട്ടോയില്‍ കയറി. എന്നാൽ, വലിയൊരു ചതിയായിരുന്നു തന്നെ കാത്തിരുന്നതെന്ന് പിറകെയാണ് ആ വയോധികൻ തിരിച്ചറിയുന്നത്.

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള ലോണിയിലാണ് ഒരു മുസ്‍ലിം വയോധികനുനേരെ കഴിഞ്ഞ ദിവസം അതിക്രൂരമായ ആൾക്കൂട്ട ആക്രമണം നടന്നത്. ഹാജിപൂർ ഭേട്ടയിലുള്ള ഒരു ബന്ധുവീട് സന്ദർശിക്കാനിറങ്ങിയതായിരുന്നു അബ്ദുസ്സമദ് സൈഫി. കഴിഞ്ഞ നോമ്പുകാലത്താണ് ആ വീട്ടിലെ മുതിര്‍ന്ന ഒരംഗം മരിച്ചത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് അന്ന് സൈഫിക്ക് വീട് സന്ദർശിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. ഇപ്പോൾ അൽപം ഇളവ് കിട്ടിയ സമയത്ത് കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം.

റോഡിലൂടെ നടക്കുന്നതിനിടെയാണ് അതുവഴി പോയ ഓട്ടോക്കാരൻ വാഹനം നിര്‍ത്തി ഹാജിപൂരിൽ കൊണ്ടുവിടാമെന്ന് പറഞ്ഞത്. സഹായവാഗ്ദാനം തള്ളിക്കളയാതെ സൈഫി ഓട്ടോയിൽ കയറുകയും ചെയ്തു. കുറച്ചു മുന്നോട്ടുപോയതോടെ വേറെയും ചിലര്‍ ഓട്ടോയിൽ കയറി. തുടർന്നാണ് കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി സംഘം സൈഫിയെ ക്രൂരമായി മർദിച്ചത്. ശരീരമാസകലം മർദിച്ച് അവശനാക്കി. ജയ് ശ്രീറാം മുഴക്കാൻ നിർബന്ധിച്ചു. താടി മുറിച്ചുകളഞ്ഞു. നാലു മണിക്കൂറോളം അക്രമികൾ പ്രായാവശതകൾ പേറുന്ന വയോധികനുമേൽ മർദനങ്ങൾ അഴിച്ചുവിട്ടു. ജീവനു വേണ്ടി യാചിച്ച സൈഫിയെ കൂടുതൽ ഭീഷണിയുമായി നേരിട്ടു.

ഒരു യുവാവായിരുന്നെങ്കിൽ കൊന്നുകളഞ്ഞിരുന്നേനെ, വയസനായതുകൊണ്ട് വെറുതെ വിടുന്നുവെന്നു പറഞ്ഞാണ് ഒടുവിൽ സംഘം മർദനമുറകൾ നിർത്തിയത്. മർദിച്ചവശനാക്കിയ ശേഷം റോട്ടിൽ തള്ളിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോകാൻ 50 രൂപയും നൽകിയാണ് സംഘം സ്ഥലംവിട്ടത്.

സംഭവത്തിൽ ലോണി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ക്രൂരമായ ആൾക്കൂട്ട മർദനത്തിനു പകരം സൈഫിയിൽനിന്ന് പണം തട്ടിയ കേസിനാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശാരീരികമായി മർദിച്ചതോ താടി മുറിച്ചതോ ജയ് ശ്രീറാം വിളിപ്പിച്ചതോ ഒന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നില്ല. അക്രമികളിൽ ഒരാളെ മാത്രമാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News