കോവിഡിന് ഇന്ത്യന്‍ വകഭേദം ഇല്ല, ആ പ്രയോഗം നീക്കണം: സോഷ്യല്‍ മീഡിയയോട് കേന്ദ്രസര്‍ക്കാര്‍

ഇതുസംബന്ധിച്ചുള്ള കത്ത് ഐടി മന്ത്രാലയം സാമൂഹികമാധ്യമങ്ങള്‍ക്ക് കൈമാറി

Update: 2021-05-22 06:50 GMT
By : Web Desk
Advertising

കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദമുണ്ടെന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. വൈറസിന് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ പ്രയോഗം രാജ്യത്തിന്‍റെ പ്രതിച്ഛായയെ മോശമാക്കുന്നുവെന്ന സാഹചര്യത്തിലാണ് നടപടി.

വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള കത്ത് ഐടി മന്ത്രാലയം സാമൂഹികമാധ്യമങ്ങള്‍ കൈമാറിയത്. എന്നാല്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് പോസ്റ്റുകള്‍ ഉള്ളതിനാല്‍ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന മറുപടിയാണ് സോഷ്യല്‍മീഡിയകളില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ചിട്ടുള്ളത്. ഇത്തരം പ്രയോഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം മൊത്തം കോവിഡ് വിവരങ്ങളുടെ സെന്‍ഷര്‍ഷിപ്പിലേക്കാണ് നയിക്കുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നെന്ന തരത്തിലാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇത് തെറ്റാണെന്നും ഐ.ടി മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നു. ബി.1.617 എന്ന വകഭേദം ഇന്ത്യന്‍ വകഭേദം അല്ല. ഇത്തരത്തില്‍ ലോകാരോഗ്യ സംഘടന എവിടേയും പറഞ്ഞിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം.

സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസിന്‍റെ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. അവയ്ക്കെല്ലാം ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. എന്നാല്‍ ഇതിനെ ഏതെങ്കിലും രാജ്യവുമായി ബന്ധപ്പെടുത്തി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല. പകരം ഈ വകഭേദത്തിന്‍റെ ശാസ്ത്രീയനാമം ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

കൊറോണ വൈറസിന്‍റെ സിംഗപ്പൂര്‍ വകഭേദമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിംഗപ്പൂര്‍ രംഗത്ത് എത്തിയിരുന്നു. സിംഗപ്പൂര്‍ വകഭേദം എന്നൊന്ന് ഇല്ലെന്നും തീവ്രവ്യാപന സ്വഭാവമുള്ളത് ഇന്ത്യന്‍ വകഭേദമാണെന്നുമായിരുന്നു സിംഗപ്പൂര്‍ മറുപടി നല്‍കിയത്.

നിലവില്‍ ലോകത്ത് കൊവിഡ് -19 കേസുകളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കോവിഡ് കേസുകള്‍ 3 ലക്ഷത്തില്‍ താഴേക്ക് ആയി കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുകയാണ് രാജ്യത്ത്

Tags:    

By - Web Desk

contributor

Similar News