വര്‍ക്ക് ഫ്രം ഹോമില്‍ പലവിധ പ്രശ്നങ്ങള്‍; ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും പാഴാകുന്നുവെന്ന് സര്‍വെ
എന്‍റര്‍പ്രൈസ് ഓട്ടോമേഷന്‍ സോഫ്റ്റ് വെയര്‍ സ്ഥാപനമായ യുഐപാത്താണ് ഓഫീസ് ജോലിക്കാര്‍ക്കിടയില്‍ സര്‍വേ നടത്തിയത്
കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ പല സ്ഥാപനങ്ങളും പരീക്ഷിച്ച് വിജയിച്ച തൊഴില്‍ രീതിയാണ് വര്‍ക്ക് ഫ്രം ഹോം. വീട്ടിലിരുന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ നാം കണ്ടു. എന്നാല്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ഇന്ത്യന്‍ ഓഫീസ് ജീവനക്കാര്‍ വിവിധ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും പാഴാകുന്നുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
എന്‍റര്‍പ്രൈസ് ഓട്ടോമേഷന്‍ സോഫ്റ്റ് വെയര്‍ സ്ഥാപനമായ യുഐപാത്താണ് ഓഫീസ് ജോലിക്കാര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ഉപഭോക്താക്കളെ കാര്യക്ഷമമായി സഹായിക്കാന്‍ സാധിക്കുന്നില്ലെന്നാണ് 2021 ഓഫീസ് വര്‍ക്കര്‍ സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യയിലെ 63 ശതമാനം ഓഫീസ് ജീവനക്കാരും അഭിപ്രായപ്പെടുന്നത്. ജോലി പൂര്‍ത്തിയാക്കുന്നതിന് ധാരാളം സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് പ്രധാന പരാതി.
ഇ-മെയിലുകള്‍ (66 ശതമാനം), ഷെഡ്യൂളിംഗ് കോളുകളും മീറ്റിംഗുകളും (62 ശതമാനം), ഡാറ്റ ഇന്‍പുട്ട് (56 ശതമാനം) എന്നിവയാണ് ഇന്ത്യന്‍ ജീവനക്കാര്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പ്രധാന ജോലികള്‍. ആഗോളതലത്തില്‍ മൂന്നില്‍ രണ്ട് (67 ശതമാനം) ഓഫീസ് ജീവനക്കാര്‍ ഒരേ ജോലികള്‍ നിരന്തരം വീണ്ടും ചെയ്യുന്നുണ്ടെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേര്‍ തങ്ങളുടെ ദിനചര്യകളില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്ന് കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ആഗ്രഹിക്കുന്നു.
തങ്ങളുടെ ജോലികള്‍ക്ക് സമയമെടുക്കുന്നതു കാരണം തങ്ങള്‍ ആഗ്രഹിക്കുന്നത്ര ക്രിയാത്മകമാകാന്‍ സാധിക്കുന്നില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.ജോലിയില്‍ എങ്ങനെ ഫലപ്രദമായി കൂടുതല്‍ ഇടപഴകാന്‍ സാധിക്കുമെന്ന് ആലോചിക്കുന്നവരാണ് ജീവനക്കാരില്‍ കൂടുതല്‍ പേരും. തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഓട്ടോമേഷന്‍ സഹായിക്കുന്നത്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് അവരെ സഹായിക്കുമെന്ന് യുപാത്ത് സീനിയര്‍ വൈസ് പ്രസിഡന്‍റ് ടോം ക്ലാന്‍സി പ്രസ്താവനയില്‍ പറഞ്ഞു.