ഇന്ത്യക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് അമേരിക്ക; മോദിയെ വിളിച്ച് കമല ഹാരിസ്
80 മില്യൺ വാക്സിൻ ഡോസുകൾ ഈ മാസം അവസാനത്തോടെ ലോക രാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കുമെന്ന് അമേരിക്ക
ഇന്ത്യക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് അമേരിക്ക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലഫോണിൽ വിളിച്ച യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് 25 മില്യൺ വാക്സിൻ ഡോസുകളാണ് അമേരിക്ക ലോകരാജ്യങ്ങളുമായി പങ്കുവെക്കുക. ഗ്ലോബൽ വാക്സിൻ പങ്കുവെക്കൽ നയതന്ത്രത്തിന്‍റെ ഭാഗമായാണ് അമേരിക്ക ഇന്ത്യക്ക് വാക്സിൻ നൽകുന്നത്.
കരീബിയൻ രാജ്യങ്ങൾ, മെക്സിക്കോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങൾക്കും വാക്സിൻ നൽകുമെന്നും കമല പറഞ്ഞു. ഈ രാജ്യങ്ങളുടെ നേതാക്കളുമായും കമല ഹാരിസ് ടെലിഫോണിൽ സംസാരിച്ചു. ഏതാണ്ട് 80 മില്യൺ വാക്സിൻ ഡോസുകൾ ഈ മാസം അവസാനത്തോടെ തന്നെ ലോകരാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.
അമേരിക്കൻ ഭരണകൂടത്തിന്‍റെ ഇന്ത്യയോടുള്ള കരുതലിനും കമല ഹാരിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. മഹാമാരിയുടെ ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് കമല ഹാരിസിനെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പ്രത്യാശ പ്രകടിപ്പിച്ചു.