മഹാരാഷ്ട്രയില്‍ കോവിഡ് കുറഞ്ഞത് പരിശോധന കുറച്ചതുകൊണ്ടെന്ന് ഫട്നാവിസ്
മുംബെയിൽ സംഭവിക്കുന്ന 20 ശതമാനം മരണങ്ങളും കോവിഡ് മൂലം. യഥാർഥ കണക്കുകൾ പുറത്ത് വരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഫട്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയിൽ പരിശോധന കുറച്ച് കോവിഡ് കേസുകളുടെ എണ്ണം താഴ്ന്നതായി പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ്. പുറത്ത് വരുന്ന കണക്കുകളൊന്നും കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഫട്നാവിസ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചു.
മുംബൈയിൽ ഉൾപ്പടെ സംസ്ഥാനത്തെ ടെസ്റ്റ് കുത്തനെ കുറച്ചു. മുംബെയിൽ സംഭവിക്കുന്ന 20 ശതമാനം മരണങ്ങളും കോവിഡ് മൂലമാണ്. പുതിയ വിവരങ്ങളൊന്നും അപ്ഡേറ്റ് ചെയ്യുന്നില്ല. മഹാരാഷ്ട്രയിൽ നിന്നും യഥാർഥ കണക്കുകൾ പുറത്ത് വരുന്നില്ലെന്നും ഫട്നാവിസ് ട്വിറ്ററിൽ കുറിച്ചു.
ഒന്നാം കോവിഡിന്റെ ഘട്ടത്തിൽ തന്നെ യഥാർഥമല്ലാത്ത കോവിഡ് വിവരങ്ങൾ പുറത്ത് വിടുന്നതിനെതിരെ താൻ സൂചന നൽകിയിരുന്നു. ഇപ്പോൾ ഗുരുതരമായ രണ്ടാം തരംഗത്തിലും ഇത് ആവർത്തിക്കുകയാണെന്നും, ഇത് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്നും ഫട്നാവിസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,700 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 524 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.